വനം മന്ത്രി മയക്കുവെടിയേറ്റ കാട്ടാനയെ പോലെ, രാജി വെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല; വയനാട്ടില്‍ യുഡിഎഫിന്‍റെ രാപകല്‍ സമരം

Jaihind Webdesk
Tuesday, February 20, 2024

മാനന്തവാടി: മയക്കുവെടിയേറ്റ കാട്ടാനയെ പോലെയാണ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. വന്യമൃഗ ആക്രമണത്തിൽ നാലു ജീവനുകൾ പൊലിഞ്ഞിട്ടും ജില്ലയുടെ ചുമതല വഹിക്കുന്ന വനം മന്ത്രി വരാത്തത് പ്രതിഷേധാർഹമാണ്. എ.കെ. ശശീന്ദ്രന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പോൾ എന്നിവരുടെ വീടുകള്‍ രമേശ് ചെന്നിത്തല സന്ദർശിച്ചു. വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്‍റെ നേതൃത്വത്തിൽ വയനാട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾ സംബന്ധിച്ച് പലതവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഇത്തരം ദുരന്തങ്ങൾ തുടരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.