സെക്രട്ടേറിയറ്റിലെ തീപിടിത്തം : എൻഐഎ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; നാളെ യുഡിഎഫ് കരിദിനം

Jaihind News Bureau
Tuesday, August 25, 2020

സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമം. സർക്കാർ പ്രഖ്യാപിച്ച അന്വേഷണം യുഡിഎഫിനു സ്വീകാര്യമല്ലെന്നും സംഭവത്തിൽ പ്രതിഷേധിച്ച് യു‍ഡിഎഫ് നാളെ കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു സെക്‌ഷനുകളിലാണ് തീപിടിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2 ദിവസമായി അടച്ചിട്ടിരിക്കുന്ന മുറിയിൽ ഫാൻ കറങ്ങി ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടിക്കുന്നതെങ്ങനെയാണെന്ന് ചെന്നിത്തല ചോദിച്ചു. സെക്രട്ടേറിയറ്റിലെ ഈ ഭാഗത്തുമാത്രം തീപിടിച്ചു ഫയലുകൾ നശിച്ചത് എന്തു കൊണ്ടാണെന്നു ചെന്നിത്തല ചോദിച്ചു. ഇതിനു പിന്നിൽ അട്ടിമറിയുണ്ട്. തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഫയലുകളുടെ കോപ്പികൾ സൂക്ഷിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത് തന്നെ അട്ടിമറിയുടെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ പറയുന്ന രീതിയിലേ ഉദ്യോഗസ്ഥർ അന്വേഷിക്കൂ. തീപിടിത്തത്തിനു പിന്നിലെ കാരണങ്ങൾ പുറത്തുവരണമെങ്കിൽ എൻഐഎ അന്വേഷണം നടത്തണം.

സംഭവസ്ഥലം സന്ദർശിക്കാന്‍ പോലും അനുവദിക്കാതിരുന്നതിനെ തുടർന്ന് എംഎൽഎമാരായ വി.ടി. ബൽറാം, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥന്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം സെക്രട്ടേറിയേറ്റ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിനെയും എംഎൽഎമാരെയും സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.