‘വിദേശത്ത് മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണം, മടങ്ങി വരുന്നവർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറാവണം’: പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് രമേശ് ചെന്നിത്തല

പ്രവാസി വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ ഫ്ലൈറ്റ് ഏർപ്പെടുത്തണം, കൂടുതൽ ആളുകൾ ഒന്നിച്ച് വരാൻ സൗകര്യം ഉണ്ടാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയ്ക്കെ മുസ്ലീം ലീഗ് എംഎൽഎമാർ നടത്തുന്ന പ്രതിഷേധ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ വലിയ ഫ്ലൈറ്റുകൾ ഏർപ്പെടുത്തണം, കൂടുതൽ ആളുകൾ ഒന്നിച്ച് വരാൻ സൗകര്യം ഉണ്ടാക്കണം. വിദേശത്ത് മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണം. മടങ്ങി വരുന്നവർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറാവണം. ക്വാറന്‍റൈൻ സൗകര്യം എയർ പോർട്ടിനടുത്ത് ഒരുക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തിൽ മുന്നോട്ട് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഈ നാട്ടിൽ ജനിച്ചവർക്ക് ഇവിടെ കിടന്ന് മരിക്കാനുള്ള അവകാശമുണ്ട്. ഗൾഫിൽ നിന്നും ആരും വരരുത് എന്ന സർക്കാർ നിലപാട് തിരുത്തണം. നോർക്കയും ലോക കേരള സഭയും ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

നോർക്കയിലെ രജിസ്ട്രേഷൻ പ്രഹസനമായിരുന്നുവെന്ന് തെളിഞ്ഞതായി  മുനീർ എംഎൽഎ ആരോപിച്ചു.അതിഥി തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യം പോലും പ്രവാസികൾക്ക് നൽകരുത് എന്ന് നിലപാടെടുത്ത് പ്രവാസികളുടെ മുറിവിൽ മുളക് തേക്കുന്ന സർക്കാരിണത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസികളുടെ നാട്ടിലേക്കുള്ള വരവിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സർക്കാർ തടസം നിൽക്കുന്നു എന്ന് കുഞ്ഞാലിക്കുട്ടി എം പി.പ്രവാസികളെ കൈവിട്ട സർക്കാരാണ് ഇപ്പോൾ ഇവിടെയുള്ളത്  പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ധർണ്ണ മുസ്ലിം ലീഗ് സംസ്ഥാന നേതാവ് കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു.

Comments (0)
Add Comment