രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം നാളെ; പ്രതിഷേധം കർഷക ആത്മഹത്യയിൽ സർക്കാരിന്‍റെ നിഷേധ നിലപാടിനെതിരെ

Jaihind Webdesk
Tuesday, March 5, 2019

Ramesh-Chennithala

കർഷക ആത്മഹത്യയിൽ സർക്കാരിന്‍റെ നിഷേധ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം നാളെ. രാവിലെ 9 മണി മുതൽ 5 മണി വരെ കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ഉപവാസത്തിൽ ആയിരക്കണക്കിന് കർഷകരും യുഡിഎഫ് നേതാക്കളും പങ്കെടുക്കും.

കർഷക ആത്മഹത്യകൾ ഇടുക്കി ജില്ലയിൽ തുടർക്കഥയായ സാഹചര്യത്തിലാണ് കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും പ്രളയ ദുരന്ത നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയിൽ ഉപവാസ സമരം നടത്തുന്നത്.

ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ, കർഷകർ, കോൺഗ്രസ്സ് പ്രവർത്തകർ അടക്കം ആയിരക്കണക്കിന് ആളുകൾ ഉപവാസത്തിൽ പങ്കാളികളാകും.  സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ഇനിയും കർഷക ആത്മഹത്യ ആവർത്തിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്ബാഹിംകുട്ടി കല്ലാർ പറഞ്ഞു.

ആത്മഹത്യ ചെയ്ത കർഷകരെല്ലാം കാർഷിക വായ്പയല്ല എടുത്തിട്ടുള്ളതെന്ന ന്യായം പറഞ്ഞ് ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ സർക്കാർ അപമാനിക്കുകയാണ്.  വരും ദിവസങ്ങളിൽ കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകും.