രമേശ് ചെന്നിത്തലയുടെ കരുതലില്‍ മഹേഷിന് സ്വപ്നസാക്ഷാത്കാരം; വാക്ക് വെറും വാഗ്ദാനം മാത്രമായൊതുങ്ങിയപ്പോള്‍ സ്നേഹവീടൊരുക്കി പ്രതിപക്ഷനേതാവ്

Jaihind News Bureau
Sunday, October 4, 2020

അച്ഛനും അമ്മയും ഉപേക്ഷിച്ച മഹേഷ്‌ എന്ന വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നല്‍കാമെന്ന മന്ത്രി തോമസ് ഐസകിന്‍റെ വാക്ക് പാഴ് വാക്കായെങ്കിലും ഇന്ന് മഹേഷിന് വീടൊരുങ്ങുകയാണ്. സംസ്ഥാനത്തെ മന്ത്രി നൽകിയ വാക്ക് പാലിക്കാൻ പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയായിരുന്നു. രമേശ് ചെന്നിത്തല നടപ്പിലാക്കുന്ന ഗാന്ധിഗ്രാം പദ്ധതിയിൽപെടുത്തിയാണ് തുമ്പോളിയിൽ മഹേഷിന് വീടൊരുങ്ങുന്നത്. സ്വന്തമായി സ്ഥലമില്ലാത്ത മഹേഷിന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്‍റും മുൻ മുൻസിപ്പൽ ചെയർമാനുമായ തോമസ് ജോസഫ് തന്‍റെ ഉടമസ്ഥതയിലുള്ള രണ്ടു സെൻറ് സ്ഥലം നൽകാൻ തയ്യാറായി. ഇതോടെയാണ് ആലപ്പുഴ ലീയോ തേർട്ടീന്ത് സ്കൂളിലെ ഈ ഒൻപതാം ക്ളാസുകാരന്‍റെ വീടെന്ന സ്വപ്നത്തിന് വീണ്ടും നിറം വച്ചത്.

നാല് വർഷം മുമ്പ് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനിടയിലാണ് കലവൂർ മാർക്കറ്റിൽ വച്ച് തോമസ് ഐസ്ക് അന്ന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മഹേഷിനെ കണ്ടുമുട്ടിയത്. അച്ഛനും അമ്മയും ഉപേക്ഷിച്ച മഹേഷ്‌ പഠനത്തോടൊപ്പം ലോട്ടറിക്കച്ചവടവും നടത്തിയാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. മഹേഷിനെ കണ്ടുമുട്ടിയ കാര്യവും അവന് വീട് നല്‍കുമെന്ന വാഗ്ദാനവും തോമസ് ഐസക്ക് അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തോമസ് ഐസക്കിന്‍റെ വാക്ക് വെറും വാഗ്ദാനം മാത്രമായി മാറിയപ്പോൾ ഒൻപതാം ക്ളാസുകാരന്‍റെ വീടെന്ന സ്വപ്നം ഏതാണ്ട് അവസാനിച്ചു. ഒറ്റപ്പെടലിന്‍റെയും നിരാശയുടെയും നടുവില്‍ വാടകവീടിന്‍റെ ചുവരുകളിലേക്ക് മഹേഷ് സ്വയം ഒതുങ്ങി.