തിരുവനന്തപുരം : ഐ ഫോണ്‍ വിവാദത്തില്‍ ശക്തമായ നടപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകീർത്തികരമായ ആരോപണം നടത്തിയ യുണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും.
ഫോണ്‍ ആരുടെ കൈവശമാണെന്ന് കണ്ടെത്തണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നേരത്തെ ഡി.ജി.പിക്ക് കത്തയച്ചിരുന്നു. ഡി.ജി.പി ഇതിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെയോ സമീകപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് യുണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.
യു.എ.ഇ കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങില്‍ വെച്ച് ഐ ഫോണ്‍ നല്‍കിയെന്നാണ് ലൈഫ് മിഷന് വിവാദത്തില്‍പ്പെട്ട യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ ആരോപണം. എന്നാല്‍ മൊബൈല്‍ ഫോണോ മറ്റ് സമ്മാനങ്ങളോ സ്വീകരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാത്രമല്ല, അങ്ങനെ നല്കിയ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് ഐ.എം.ഇ.ഐ ഉപയോഗിച്ച് കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അപകീര്‍ത്തിപരമായ പരാമർശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.