
തിരുവനന്തപുരം: ജി. സുധാകരനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടികള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഴിമതിയില്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരനെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്. സുധാകരനെപ്പോലൊരാള്‍ നിയമസഭയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം സഭയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സുധാകരന്റെ അച്ഛനെപ്പോലും ചിലര്‍ അധിക്ഷേപിച്ചുവെന്നും പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തെ പല സിപിഎം നേതാക്കളും അപമാനിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനെ ഇങ്ങനെ അധിക്ഷേപിക്കാന്‍ അവര്‍ക്കെങ്ങനെ സാധിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
കെ.ആര്. ഗൗരിയമ്മയോട് പാര്‍ട്ടി സ്വീകരിച്ച അതേ നിലപാടാണ് ഇപ്പോള്‍ സുധാകരനോടും ആവര്‍ത്തിക്കുന്നതെന്നും, ഇതാണ് പാര്‍ട്ടിയുടെ ചരിത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി. സുധാകരന് വ്യക്തമാക്കിയ സാഹചര്യത്തില്‍, ഇക്കാര്യം യുഡിഎഫ് നേതൃത്വവും പാര്‍ട്ടിയും ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ജി സുധാകരന്റെ തീരുമാനം കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.