
കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആക്രമിക്കപ്പെട്ടു എന്ന കെട്ടുകഥ ഡാറ്റാ ചോര്‍ച്ചയില്‍ നിന്നും സര്‍ക്കാരിനെ രക്ഷിക്കാനുള്ള അടവ് നയം ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒപ്പം തുടര്‍ച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികള്‍ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണ്.
കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി വീശലില്‍ ആര്‍ക്കും ഒരു പരുക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു. ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എല്ലാവര്ക്കും കാര്യങ്ങള്‍ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാന്‍ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക.
ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ്. ഇതിന്റെ പേരില്‍ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാന്‍ ആണ് ഉദ്ദേശമെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകും. അക്രമം നോക്കിക്കൊണ്ട് നില്ക്കുന്ന പോലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ ചോര്‍ച്ച വിഷയത്തില്‍ നിന്ന് സര്‍ക്കാരിന് രക്ഷപെടാന്‍ ആവില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ നാടകത്തെ മറയാക്കി കൊണ്ട് കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.