
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നീക്കം വെറും ‘ഓലപ്പടക്കം’ മാത്രമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തെ തളര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണിതെന്ന് അദ്ദേഹം പരിഹസിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം തന്ത്രങ്ങളൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വന്തം ഏജന്‍സിക്ക് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത്. ഇത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ നിന്നും ഭരണപരാജയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ ലക്ഷ്യം വെക്കുന്നത്. പ്രതിപക്ഷ നേതാവിനെ വേട്ടയാടാനുള്ള ഏത് നീക്കത്തെയും യുഡിഎഫ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും, സര്‍ക്കാരിന്റെ ഈ നാടകം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് വിജിലൻസ് കണ്ടെത്തി. വി.ഡി സതീശനെതിരെയുള്ള കേസുമായി മുന്നോട്ട് പോകാൻ മതിയായ തെളിവുകളില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് യാതൊരു വിധത്തിലുള്ള വിദേശപണവും എത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.