പിണറായിക്ക് മോദിയുടെ അതേ നയം; ഭിന്നിപ്പിച്ച് ഭരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, January 9, 2026

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കി ഭരണം നിലനിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദിയുടെ അതേ നയമാണ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിലൂടെ മതേതര കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസിനും നേരിട്ട് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെയും സിപിഐയുടെയും രഹസ്യ പിന്തുണയോടെയാണ്. നരേന്ദ്ര മോദി എന്താഗ്രഹിക്കുന്നുവോ അത് കേരളത്തില്‍ നടപ്പിലാക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യം. ആര്‍എസ്എസ് അധ്യക്ഷന് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുമതി നല്‍കിയത് ഈ ബന്ധത്തിന്റെ തെളിവാണ്. സിപിഎം-ആര്‍എസ്എസ് ബന്ധം തുറന്നുകാട്ടുന്നതായിരുന്നു എം.വി ഗോവിന്ദന്റെ നിലമ്പൂരിലെ പ്രസ്താവനയെന്നും, അടിയന്തരാവസ്ഥ കാലം മുതല്‍ക്കേ ഇവര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ നടന്ന ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു മാറാട് കലാപം. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മതേതര സമൂഹം ശ്രമിക്കേണ്ടത്. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാറാട് ആവര്‍ത്തിക്കുമെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ തരംതാഴ്ന്ന രാഷ്ട്രീയമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിച്ച് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. ജനുവരി 12-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തുന്ന സമരം ഒരു ‘കോമഡി’ ആണെന്നും ചെന്നിത്തല പരിഹസിച്ചു.

പ്രതിപക്ഷ നേതാവ് സീറോ മലബാര്‍ സഭ ആസ്ഥാനം സന്ദര്‍ശിച്ചതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഇടപെടല്‍ ഉള്‍പ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം പോയത്. കോണ്‍ഗ്രസ് എക്കാലത്തും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ അവസരങ്ങള്‍ നല്‍കുന്ന പ്രസ്ഥാനമാണെന്നും, പൂര്‍ണ്ണമായും മതേതര നിലപാടുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.