ജലീലിനെയും സ്പീക്കറെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി കാട്ടുകള്ളന്‍ ; നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, April 12, 2021

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതല്ല. ലോകായുക്ത നിയമനം കേരളത്തിൽ കൊണ്ടുവന്ന ഇ.കെ നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജലീല്‍ നടത്തിയ മുഴുവന്‍ നടപടികളും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തോറ്റ കുട്ടികളെ മുഴുവന്‍ ജയിപ്പിച്ച മന്ത്രിയാണ് ജലീല്‍. കസ്റ്റംസ് ചോദ്യംചെയ്യല്‍ നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ തന്നെ രാജിവെക്കേണ്ടതായിരുന്നു. ഇപ്പോള്‍ ലോകായുക്ത പറഞ്ഞാല്‍ പോലും രാജിവെക്കുന്നില്ലെന്നും രമേശ്  ചെന്നിത്തല പറഞ്ഞു. ജലീലിന് സ്വജനപക്ഷ പാതത്തിന് ഒത്താശ ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയാണ്. കെ.ടി ജലീലിന് മുഖ്യമന്ത്രി സംരക്ഷണം നൽകുന്നത് എന്ത്‌ ധാര്‍മികതയിൽ ആണ്. ജലീലിനെയും സ്പീക്കറെയും സംരക്ഷിക്കുന്ന പിണറായി വിജയൻ കാട്ടുകള്ളനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജലീലിന് ലോകായുക്ത നിയമത്തിനെതിരെ അപ്പീൽ പോകാൻ ആകില്ല.  ലോകായുക്ത നിയമം കേരളത്തിൽ കൊണ്ടുവന്ന ഇ.കെ നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കൊടിയേരിയും കാനവും പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ഒരു നടപടിയും എടുത്തില്ല. അതിന് കാരണം അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയാണ് എന്നതുകൊണ്ടാണ്. വിദ്യാഭ്യാസ യോഗ്യത  മാറ്റം വരുത്തിയതിന് കൂട്ടുനിന്നത് മുഖ്യമന്ത്രിയാണ്. പിന്നെ എങ്ങനെയാണ് ജലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുകയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. അഴിമതിയും കൊള്ളയും നടത്തുന്ന ഒരു ഗവണ്‍മെന്‍റിനെയാണ് ജനങ്ങള്‍ പുറത്താക്കാന്‍ കാത്തുനില്‍ക്കുന്നത്. മെയ് 2ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.