നവകേരള സദസ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഊരുചുറ്റൽ; പിരിവിന്‍റെ പേരില്‍ കൊള്ളയടിക്കുന്നു: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, November 25, 2023

 

തിരുവനന്തപുരം: നവകേരള സദസ് ആളെ കൂട്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ചുളുവിൽ സർക്കാർ ചെലവിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ഊരുചുറ്റൽ മാത്രമാണിത്. ഒരു വശത്ത് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുമ്പോൾ മറുവശത്ത് സർക്കാർ ലേബൽ കാട്ടി കണക്കില്ലാതെ സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണപ്പരിവ് പൊടിപൊടിക്കുകയാണ്. ചുരുക്കത്തിൽ ജനങ്ങളെയാകെ വിഡ്ഡികളാക്കിക്കൊണ്ടുള്ള തട്ടിപ്പ് പരിപാടിയായി നവകേരള സദസ് മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് പരിഹരിക്കാൻ ഇറങ്ങിയ പിണറായിയും സഘവും ആളുകൾ നൽകുന്ന നിവേദനത്തിൻ്റെ കണക്ക് പറയുന്നതിന് പകരം ഓരോ സ്ഥലത്തും എത്രയാൾ കൂടി എന്ന കണക്ക് പറഞ്ഞ് പത്രസമ്മേളനങ്ങളിൽ മേനി നടിക്കുകയാണ്. വളരെ പ്രതീക്ഷയോടെ നിവേദനവുമായി എത്തുന്നവർ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമ്പോൾ ലഭിക്കുന്ന കൂപ്പണും കൊണ്ട് മടങ്ങേണ്ട ദുർഗതിയിലാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മുമ്പ് ജനസമ്പർക്ക പരിപാടി നടത്തി അപ്പപ്പോൾ പരാതികൾ പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയ മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയെ ആരും മറന്നിട്ടില്ല. ഒരു തീരുമാനം പോലും അന്നന്ന് എടുക്കാത്ത പിണറായി എന്തിനാണ് ഈ മന്ത്രിമാരെയെല്ലാം കൂട്ടി ചുറ്റുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി മാത്രം പേയി നിവേദനങ്ങൾ വാങ്ങി പരിശോധിച്ച് തീരുന്ന കാര്യത്തിന്
ഭരണനിർവഹണമാകെ നിശ്ചലമാക്കിയുള്ള യാത്രയുടെ ഉദ്ദേശം സർക്കാർ ചിലവിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ്.

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാർക്കും സഞ്ചരിക്കാൻ പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ മതിയെന്നിരിക്കെ ഒരു കോടി 5 ലക്ഷം മുടക്കി കാരവൻ എന്തിനെന്ന് മനസിലാകുന്നില്ല. നാട്ടിൽ ഇറങ്ങി ഉദ്യോഗസ്ഥർ കൊള്ളയടിക്കുകയാണ്. നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന കാശിന് എന്തു കണക്കാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആര്‍ക്കും യഥേഷ്ടം പണം പിരിക്കാം, ധൂർത്തടിക്കാം, ഒരു പരാതിയും പരിഹരിക്കുന്നില്ല താനും. ഇത് മാർക്സിസ്റ്റ് പാർട്ടിയുടെ സദസാണെന്നും പാർട്ടി മേളയാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഈ യാത്ര കൊണ്ട് വരുന്ന പാർലമെന്‍റ്  തിരഞ്ഞെടുപ്പില്‍ ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.