തിരുവനന്തപുരം: ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് വേണമെന്ന ആരോഗ്യ മന്ത്രിയുടെ നിലപാട് നിർഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദേശത്ത് നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് വേണമെന്ന് ആവർത്തിക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യുന്നത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി നടക്കുന്ന മീറ്റിംഗിന് ശേഷം അഭിപ്രായം പറയാമെന്ന ആരോഗ്യമന്ത്രി കാര്യങ്ങൾ അറിയാതെ ആണ് സംസാരിക്കുന്നത്. വിദേശത്ത് നിന്ന് വിമാനങ്ങൾ വരുന്നതിനു വന്ദേ ഭാരത് പദ്ധതി പ്രകാരമുള്ള പ്രോട്ടോകോൾ ഇപ്പോൾ തന്നെയുണ്ട്. അത് പാലിച്ചു കൊണ്ടുവരണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ ആരോഗ്യമന്ത്രി ആകട്ടെ അതിനു വിരുദ്ധമായാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ടിക്കറ്റ് എടുത്തു വരാൻ കഴിയാത്ത പാവങ്ങളാണ് ചാർട്ടേഡ് വിമാനത്തിൽ സന്നദ്ധ സoഘടനകളുടെ സഹായത്തോടെ നാട്ടിൽ എത്തുന്നത്. അവരിൽ ഇനി കൊവിഡ് ടെസ്റ്റ് കൂടി അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.