
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്നങ്ങളോ പ്രായോഗികതയോ ഇല്ലാത്ത, യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങളുടെ കെട്ടാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ശതമാനം പോലും പദ്ധതിച്ചെലവ് നടത്താന്‍ കഴിയാത്ത സര്‍ക്കാരാണ് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒന്നര മാസം മാത്രം ബാക്കിനില്‍ക്കെ പ്രഖ്യാപിക്കുന്ന ഈ പദ്ധതികള്‍ ആരെ വിശ്വസിപ്പിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു.
തോമസ് ഐസക് പ്രഖ്യാപിച്ച 2500 കോടിയുടെ കുട്ടനാട് പാക്കേജ്, വയനാട്, ഇടുക്കി പാക്കേജുകള്‍ എന്നിവയുടെ ഗതി എന്തായെന്ന് എല്ലാവര്‍ക്കുമറിയാം. സമാനമായ രീതിയില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള തട്ടിപ്പ് മാത്രമാണ് ഈ ബജറ്റും.
കെ-റെയില്‍ നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണ്. നാട്ടുകാരുടെ പറമ്പില്‍ അടിച്ചു കയറ്റിയ മഞ്ഞക്കുറ്റികള്‍ പിഴുതുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആ പാത വേണോ അതോ കേന്ദ്രത്തിന്റെ അതിവേഗ പാത വേണോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് പോലും വ്യക്തതയില്ല. ഡി.പി.ആര്‍ പോലും കാണിക്കാതെ എന്ത് വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോടികള്‍ ചിലവാക്കിയ കെ-ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം ലഭിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കെ-ഫോണിന്റെ നിലവിലെ അവസ്ഥ എന്താണെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നും ബജറ്റില്‍ പണം മാറ്റിവെക്കുന്നതിന് മുന്‍പ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കിയ ചെറിയ വര്‍ദ്ധനവ് ഒഴിച്ചാല്‍ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ബജറ്റിലില്ല. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ, ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.