മാർക്‌സിസ്റ്റ് പാർട്ടിയുടെ കറവപശുവാണ് ഇലക്ട്രിസിറ്റി ബോർഡെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, October 6, 2019

മാർക്‌സിസ്റ്റ് പാർട്ടിയുടെ കറവപശുവാണ് ഇലക്ട്രിസിറ്റി ബോർഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം ഉറപ്പായത് കൊണ്ടാണ് മേയർ സ്ഥാനം രാജിവെക്കാൻ വി.കെ പ്രശാന്ത് തയ്യാറാകാത്തതെന്നും ഇനിയൊരു പരാജയം ഏൽക്കേണ്ടെന്ന് കരുതിയാണ് കുമ്മനം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതെന്നും ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.മോഹൻകുമാറിന്‍റെ പ്രചരണാർത്ഥം വട്ടിയൂർക്കാവിൽ സംഘടിപ്പിച്ച കൺവെൻഷനിൽ പ്രതിപക്ഷനേതാവിനേയും കാത്ത് തടിച്ചുകൂടിയത് നൂറ് കണക്കിന് പേരാണ്. സംസ്ഥാന സർക്കാരിന്‍റെ അഴിമതികളും തെറ്റായ നയങ്ങളും അക്കമിട്ട് പറഞ്ഞു കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം.

സർക്കാരിന്‍റെ വഴിവിട്ട വിനിയോഗം ജനങ്ങളറിയുമെന്നതുകൊണ്ടാണ് കിഫ്ബിയിൽ ഓഡിറ്റിംങ് നടത്താത്തതെന്നും മാർക്‌സിസ്റ്റ് പാർട്ടിയുടെ കറവപശുവായി ഇലക്ട്രിസിറ്റി ബോർഡ് മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

പൊതു തെരഞ്ഞെടുപ്പിലുണ്ടായ ജനവികാരം അതേപടി നിലനിൽക്കുന്നുണ്ട്. ആ ജനവികാരം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകും. പരാജയം ഉറപ്പായത് കൊണ്ടാണ് മേയർ സ്ഥാനം രാജിവെക്കാതെ വി.കെ പ്രശാന്ത് മത്സരിക്കുന്നതെന്ന് പറഞ്ഞ ചെന്നിത്തല വട്ടിയൂർക്കാവിൽ കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വം ആരും വെട്ടിമാറ്റിയതല്ലെന്നും ഇനിയൊരു പരാജയം ഏൽക്കേണ്ടെന്ന് കരുതി കുമ്മനം സ്വയംസ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതാണെന്നും ചെന്നിത്തല പറഞ്ഞു.

എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എം. വിൻസന്‍റ്, കെപിസിസി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും കൺവെൻഷനിൽ പങ്കെടുത്തു.