വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയെന്ന അവകാശ വാദം അപഹാസ്യം : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 25, 2019

Ramesh-Chennithala

തിരുവനന്തപുരം: ഭരണ രംഗത്ത് പൂര്‍ണ്ണപരാജയമെന്ന് ജനങ്ങള്‍ വിധിയെഴുതിയിട്ടും അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങള്‍ മൂന്നു വര്‍ഷം കൊണ്ടു തന്നെ നടപ്പാക്കി കഴിഞ്ഞു എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവകാശവാദം പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയുടെ വാര്‍ഷികം പ്രമാണിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലെ മുഖ്യമന്ത്രിയുടെ അവകാശ വാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രമേശ് ചെന്നിത്തല. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനവും വിലയിരുത്തപ്പെട്ടിരുന്നു. പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമെന്നാണ് ജനങ്ങള്‍ അര്‍ത്ഥശങ്കയക്ക് ഇടയില്ലാതെ വിധിയെഴുതിയത്. അതിന്‍റെ ചൂടു മാറും മുന്‍പ് തന്നെ മുഖ്യമന്ത്രി ഇങ്ങനെ അവകാശപ്പെട്ടത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. തെരഞ്ഞെടുപ്പ് വിധിയില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പഠിക്കാന്‍ ഒരുക്കമല്ല എന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ അവകാശ വാദം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു നേട്ടം പോലും ഉണ്ടാക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്.
തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങളായി പിണറായി എടുത്തു കാട്ടിയതെല്ലാം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തേ നടന്നു വന്ന കാര്യങ്ങളാണ്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, മലയോരപാത, വിഴിഞ്ഞം തുറമുഖം, ദേശീയ ജലപാത തുടങ്ങിയവയെല്ലാം കഴിഞ്ഞ സര്‍ക്കാരിന്‍റെ സൃഷ്ടികളാണ്. അവയെല്ലാം തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിച്ച് സായൂജ്യമടയുകയാണ് മുഖ്യമന്ത്രി.

കൊലപാതകങ്ങള്‍ ഇല്ലാത്ത ശാന്തിയുടേയം സഹവര്‍ത്തിത്വത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിന്‍റെ പൊള്ളത്തരം ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ഇത്രയേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മറ്റൊരു കാലഘട്ടമില്ല. 29 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായത്. ക്രമസമാധാന പാലനത്തില്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ പരാജയപ്പെട്ടു. അക്രമങ്ങളും കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും ഇല്ലാത്ത ദിവസങ്ങളില്ല. സ്ത്രീ പീഢനം വല്ലാതെ വര്‍ദ്ധിച്ച കാലഘട്ടമാണിത്.

ഓഖി, പ്രളയം എന്നിങ്ങനെ കേരളം കണ്ട രണ്ടു മഹാദുരന്തങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാരണ്. ആ ദുരന്തങ്ങള്‍ വരുത്തി വച്ചു എന്ന് മാത്രമല്ല, അവയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാപ്പര്‍ഹിക്കാത്ത വീഴ്ചായാണ് സര്‍ക്കാരിനുണ്ടായത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക്  ഒരു സഹായവും നല്‍കാന്‍ കഴിഞ്ഞില്ല. കേരള പുനര്‍സൃഷ്ടിയെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് ദുരന്തം ഒരു വര്‍ഷം പിന്നിടുമ്പോഴും നടക്കുന്നത്. ഇത്ര പിടിപ്പില്ലാത്ത ഒരു സര്‍ക്കാര്‍ കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല.

ഹരിത കേരളം, ആദ്രം, ലൈഫ് തുടങ്ങിയ സര്‍ക്കാരിന്‍റെ അഭിമാന മിഷനുകളെല്ലാം ചാപിള്ളകളായി മാറിയിട്ടും അതിന്മേല്‍ മുഖ്യമന്ത്രി ഊറ്റം കൊള്ളുകയാണ്. കിഫ്ബിക്ക് ധനസമാഹരണത്തിന് വേണ്ടി കേരളത്തെ പണയപ്പെടുത്തി കൊള്ളപ്പലിശയക്ക് പണം കടമെടുക്കുന്ന മസാലാ ബോണ്ടിനെ മഹത്വവല്‍ക്കരിക്കുന്ന മുഖ്യമന്ത്രി സംസ്ഥാനത്തോട് നീതികേടാണ് കാണിക്കുന്നത്. വരും തലമുറകളെയും കടത്തില്‍ മുക്കുകാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കെടുകാര്യസ്ഥത കാരണം സാമ്പത്തിക രംഗം കുത്തഴിഞ്ഞു കിടക്കുന്നു. നിത്യച്ചിലവിന് പോലും കടമെടുക്കേണ്ട ഗതികേടിലിരുന്നു കൊണ്ടാണ് വാഗ്ദാനങ്ങള്‍ പാലില്ലെന്ന് മുഖ്യ മന്ത്രി വീമ്പു പറയുന്നത്. ജനവിധിയുടെ പശ്ചാത്തലത്തിലെങ്കിലും ഈ വീമ്പു പറച്ചില്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.