പോസ്റ്റല്‍  ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണം ; കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ്  കമ്മീഷണര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Tuesday, April 13, 2021

തിരുവനന്തപുരം :  വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ  വിശദാംശങ്ങള്‍   പുറത്ത് വിടണമെന്നാവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കേന്ദ്ര   മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍  സുശീല്‍ ചന്ദ്രക്ക്  കത്ത് നല്‍കി.    തെരെഞ്ഞെടുപ്പ്  ഡ്യുട്ടിയില്‍  പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്  പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്.  അത് കൊണ്ട് തന്നെ    സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണമെന്നാണ് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  പോസ്റ്റല്‍ ബാലറ്റ്  ലഭിച്ചവരുടെയും, പ്രത്യേക കേന്ദ്രങ്ങളില്‍  വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങളും  പുറത്ത് വിടണം. അതോടൊപ്പം  റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളടെയും ബൂത്ത് തലത്തിലുള്ള  വിവരങ്ങളും     പുറത്ത് വിടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

എണ്‍പത് വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്  ഏത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം  ചെയ്തത്,  അവയില്‍ എത്ര എണ്ണം ബാക്കിയായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും  ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ്  കത്തില്‍ ആവശ്യപ്പെടുന്നു.   അതോടൊപ്പം  ഇരട്ട വോട്ടുകള്‍ എണ്ണരുതെന്ന കര്‍ശന നിര്‍ദേശം ജില്ലാ ഇലക്ട്രറല്‍ ഓഫീസര്‍മാര്‍ക്കും , റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും  നല്‍കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല കത്തില്‍  ഉന്നയിച്ചിട്ടുണ്ട്.