മുട്ടില്‍ നിന്ന് യാചിച്ചിട്ടുപോലും മനസലിഞ്ഞില്ല, മുഖ്യമന്ത്രിക്ക് ധാർഷ്ട്യം ; യുഡിഎഫ് വന്നാല്‍ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളും പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, February 16, 2021

 

ആലപ്പുഴ : സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഴുവൻ പിൻവാതിൽ നിയമനങ്ങളും പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സമരം ഒത്ത് തീർപ്പാക്കാത്തത് ക്രൂരമായ നടപടി ആണെന്നും മുഖ്യമന്ത്രി ധാർഷ്ട്യം ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ച് വിടുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

സഹകരണ പ്രസ്ഥാനത്തിന്‍റെ തകർച്ചയുടെ തുടക്കമാണ് കേരള ബാങ്ക്. എസ്.എഫ്.ഐ നേതാക്കൾ പ്രതികളായ കത്തിക്കുത്ത് കേസിനെ തുടർന്ന് ഏഴ് മാസം മരവിപ്പിച്ച സി.പി.ഒ ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകണം. തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളോട് ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

1159 പേരെ ഒരു മാസം കൊണ്ട് സർക്കാർ സ്ഥിരപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും സി.പി.എമ്മുകാരാണ്. മുഖ്യമന്ത്രി യുവാക്കളെ വെല്ലുവിളിക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുതിയ മെഡിക്കൽ കോളേജുകളുടെ നിർമ്മാണം അട്ടിമറിക്കപ്പെടുകയാണെന്നും കൊവിഡ് പ്രതിരോധം പരാജയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നിന്ന് 4 മന്ത്രിമാർ ഉണ്ടായിട്ടും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചില്ല. 34,000 കോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിട്ടും ഒന്നും നടന്നില്ലന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. യു.ഡി.എഫ് വന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിയമ നിർമാണം നടത്തുമെന്നും രമേശ് ചെന്നിത്തല കൂട്ടി ചേർത്തു.

കേരളത്തിലെ എല്ലാ മതമേലധ്യക്ഷൻമാരുമായി ചർച്ച നടത്തുന്നതിന്‍റെ ഭാഗമായാണ് വെള്ളാപ്പള്ളിയെ കണ്ടത്. ഘടകകക്ഷികളുമായി ഉള്ള സീറ്റ് വിഭജന ചർച്ച യാത്രയ്ക്ക് ശേഷം പൂർത്തിയാക്കും. തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ബംഗാളിൽ പിൻവാതിൽ നിയമനത്തിനെതിരെ സമരം നടത്തുന്നവർ സംസ്ഥാനത്ത് പിൻവാതിൽ നിയമനം നടത്തുകയാണെന്നും ഡി.വൈ.എഫ്.ഐ സർക്കാർ വിലാസം സംഘടനയായി മാറിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

https://www.facebook.com/JaihindNewsChannel/videos/276282923848320