RAMESH CHENNITHALA| വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, August 13, 2025

തിരുവനന്തപുരം: ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മോദിയും അമിത് ഷായും രാജ്യം ഭരിക്കുമ്പോള്‍ നീതിപൂര്‍വകമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മെഷീനുകളിലെ കൃത്രിമങ്ങള്‍ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെയാണ് വിജയം നേടിയതെന്നും ചെന്നിത്തല ആരോപിച്ചു.

2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും വ്യാപകമായ വോട്ട് തട്ടിപ്പ് നടന്നതായി ചെന്നിത്തല ആരോപിച്ചു. അന്ന് യുഡിഎഫ് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം കള്ളവോട്ടുകള്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം കള്ളവോട്ടുകള്‍ ഉണ്ടായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇരട്ട വോട്ടുകള്‍ വ്യാപകമായി ഉണ്ടായിരുന്നു. കേന്ദ്രത്തില്‍ നടന്നതുപോലെതന്നെ സംസ്ഥാനത്തും വോട്ട് തട്ടിപ്പ് നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ ഭേദഗതി വരുത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ റൂള്‍സ് 93 2A യില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2021-ല്‍ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഇത്തരം കള്ളവോട്ട് സമ്പ്രദായം തുടരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.