മോദിയുടെ വാഗ്ദാനങ്ങളെല്ലാം നുണകളെന്ന് രമേശ് ചെന്നിത്തല; വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല എന്നതാണ് മോദിയുടെ ഗ്യാരന്‍റിയെന്ന് ശശി തരൂർ

Jaihind Webdesk
Tuesday, March 19, 2024

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങൾ എല്ലാം നുണകളാണെന്നും മോദി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്‍റെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും ഉന്മൂലനം ചെയ്ത് ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന നരേന്ദ്ര മോദി ഭരണത്തിനും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായ പിണറായി സർക്കാരിനുമെതിരെയുള്ള ശക്തമായ വിമർശനശരങ്ങളാണ് കൺവൻഷനിൽ അലയടിച്ചത്. മോദിയുടെ വാഗ്ദാനങ്ങൾ എല്ലാം നുണകളാണെന്നും മോദി കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും കൺവൻഷൻ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജൻ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ പാലമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ഡിഎയെ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റാന്‍ കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നതാണ് മോദിയുടെ ഗ്യാരന്‍റിയെന്നും ഭാരതത്തിന്‍റെ ബഹുസ്വരതയെ ബിജെപി ഇല്ലാതാക്കുകയാണെന്നും ശശി തരൂർ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കും ജനാധിപത്യവിരുദ്ധ നിലപാടുകൾക്കും എതിരെയുള്ള ശക്തമായ വിമർശനങ്ങളാണ് കൺവൻഷനിൽ പങ്കെടുത്ത പ്രമുഖ യുഡിഎഫ് നേതാക്കൾ ഉയർത്തിയത്. യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തും ആവേശവും പകർന്ന് ആയിരങ്ങൾ കൺവൻഷനിൽ അണിചേർന്നു.