കേരളത്തിനകത്തും പുറത്തും തലയെടുപ്പോടെ നിന്ന സാംസ്‌കാരിക നായകനാണ് ഓംചേരി എന്‍.എന്‍ പിള്ളയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, November 22, 2024

തിരുവനന്തപുരം: കലാ സാഹിത്യ മാധ്യമ രംഗങ്ങളില്‍ കേരളത്തിനകത്തും പുറത്തും തലയെടുപ്പോടെ നിന്ന സമുന്നതനായ സാംസ്‌കാരിക നായകനെയാണ് ഓംചേരി എന്‍.എന്‍ പിള്ളയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഓംചേരിയുമായി എപ്പോഴും നല്ല സൗഹൃദമുണ്ടായിരുന്നു. താന്‍ എംപി ആയി ഡല്‍ഹിയിലായിരുന്നപ്പോഴും അല്ലാത്തപ്പോഴും എല്ലാം അദ്ദേഹവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. നാടകരചനയിലും അഭിനയത്തിലും ആകാശവാണിയില്‍ സമുന്നത പദവിയിലിരുന്നപ്പോഴും അദ്ദേഹം അസാമാന്യമായ പാടവം പ്രകടിപ്പിച്ചു.
1951ല്‍ ഡല്‍ഹിയില്‍ എത്തിയത് ആകാശാവാണി ഉദ്യോഗസ്ഥനായാണ്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ മോചനത്തിനു വേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയുമാണ് അദ്ദേഹം നാടകങ്ങള്‍ രചിച്ച് ശക്തമായ ഇടപെടലുകള്‍ നടത്തിയത്. ‘ ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന ആദ്യ നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.
ഉന്നത ഉദ്യോഗങ്ങള്‍ക്കിടയിലെ സര്‍ഗജീവിതം അദ്ദേഹത്തെ പൊതുസമൂഹത്തില്‍ വേറിട്ടു നിര്‍ത്തി. എക്‌സ്പിരിമെന്റല്‍ തീയറ്റര്‍ 1963ല്‍ രൂപീകരിച്ചു. തന്റെ ഔദ്യോഗികജീവിതം കേരളത്തിനു പുറത്ത് നയിക്കുമ്പോഴും മലയാളത്തെയും സാഹിത്യത്തെയും അദ്ദേഹം ഹൃദയത്തോടു ചേര്‍ത്തുവെച്ചു. ഇന്ദിരാഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഓംചേരി, അവരുടെ നിര്‍ദേശപ്രകാരമാണ് ‘കുട്ടികളുടെ നെഹ്‌റു’ എന്നൊരു പുസ്തകമെഴുതിയത്. ഡല്‍ഹിയില്‍ എത്തുന്ന മലയാളികള്‍ക്കും ഡല്‍ഹി മലയാളികള്‍ക്കും സഹായിയും സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും, അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ അറിയിച്ചു.