കൊടുത്താല്‍ കൊല്ലത്തല്ല, പണി ബാംഗ്ലൂരിലും കിട്ടും ; കോടിയേരിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

Jaihind News Bureau
Friday, October 2, 2020

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുവാന്‍ പോകുന്നതിന്‍റെ അസ്വസ്ഥതയിലാണ് കോടിയേരി ബാലകൃഷ്ണനെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിവാദ ഐ ഫോണ്‍ ആരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് താന്‍ പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

യു എ ഇ കോണ്‍സുലേറ്റിന്‍റെ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നത് എങ്ങനെയാണ് പ്രോട്ടോക്കോള്‍ ലംഘനമാകുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തനിക്കൊപ്പം ഉണ്ടായിരുന്ന ബിജെപി നേതാവ് ഒ.രാജഗോപാലും സിപിഎം നേതാവ് എം.വിജയകുമാറും പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത് എന്നും അദ്ദേഹം ചോദിച്ചു.

താന്‍ എന്തായാലും കാരാട്ട് റസാഖിന്‍റെ മിനി കൂപ്പറില്‍ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറില്‍ കേറിയവരെയൊക്കെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. തനിക്ക് നല്‍കിയെന്ന് പറയുന്ന വിവാദ ഐഫോണിന്‍റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് അത് ഇപ്പോള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുഎഇ ദേശീയദിനത്തിന്‍റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് പങ്കെടുത്തത്. തുടര്‍ന്ന് കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പിലും പങ്കെടുത്തു. ഇതല്ലാതെ ഒരു ഉപഹാരവും ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല, ഉപയോഗിച്ചിട്ടുമില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതുകൊണ്ടൊന്നും തളര്‍ത്താം എന്നു കരുതേണ്ടെന്നും സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുത്താല്‍ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും. അതു അടുത്ത ദിവസമറിയാം. ഇങ്ങനെയൊരാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് തങ്ങള്‍ക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പര്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും ഉള്‍പ്പെടുന്ന ഒരു പാര്‍ട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിന്‍റേയും കസേരയില്‍ ഇരിക്കുന്നതിന് നല്ല നമസ്‌കാരം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.