അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് മന്ത്രി ജലീല്‍ – രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, October 17, 2019

കൊച്ചി: മാർക്ക് ദാന നടപടി പുറത്തുവന്ന ജാള്യതയിൽ ‘അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന’ അവസ്ഥയിലാണ് മന്ത്രി കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ മകന് നേരെ കെ.ടി. ജലീൽ ഉന്നയിച്ച ആരോപണം വിഡ്ഢിത്തമാണ്. സിവിൽ സർവിസ് പരീക്ഷയെ കുറിച്ച് അദ്ദേഹത്തിന് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു. തന്‍റെ മകന് 2017ൽ സിവിൽ സർവിസ് പരീക്ഷയെഴുതി 210ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് ജലീലിനുള്ളത്. അപമാനിക്കുക മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണമെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം റാങ്ക് കിട്ടിയ ആൾക്ക് അഭിമുഖത്തിൽ തന്‍റെ മകനേക്കാൾ മാർക്ക് കുറവായത് സ്വാധീനിച്ചത് കൊണ്ടാണെന്ന ആരോപണം വിഡ്ഢിത്തമാണ്. ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും ജലീൽ രക്ഷപ്പെടാൻ പോകുന്നില്ല. മാർക്ക് കുംഭകോണം നടത്തി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കിയ മന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.