പൊതുപണം കൊള്ളയടിക്കുമ്പോള്‍ കണ്ട് നില്‍ക്കാനാവില്ല; സഭാ ടിവി വെറും വെള്ളാന; സ്പീക്കർക്കെതിരായ ആരോപണങ്ങള്‍ വീണ്ടും ഉന്നയിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, December 11, 2020

തിരുവനന്തപുരം: നിയമസഭയിലെ അഴിമതിയെയും ധൂര്‍ത്തിനെയും പറ്റി താനുന്നയിച്ച ആരോപണങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യങ്ങള്‍ നിഷേധിക്കാന്‍ സ്പീക്കർക്ക് കഴിഞ്ഞില്ലെന്നും താന്‍ ഉന്നയിച്ച  വസ്തുതകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് സ്പീക്കർ  സംസാരിച്ചതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കര്‍ സ്ഥാനം ഉന്നതമായ ഭരണഘടനാ പദവിയാണ്. സംശയത്തിന്‍റെ നിഴല്‍ പോലും ആ പദവിക്ക് മേല്‍ വീഴാല്‍ പാടില്ല. എങ്കില്‍ അത് ജനാധിപത്യത്തിന് കളങ്കമുണ്ടാക്കും. ഉന്നതമായ ആ പദവി നല്‍കുന്ന പരിരക്ഷ ഉപയോഗിച്ച് പൊതുജനങ്ങളുടെ നികുതിപണം യാതൊരു തത്വദീക്ഷയുമില്ലാതെ ധൂര്‍ത്തടിക്കുകയും കൊള്ളയടിക്കുകയും ചെയ്യുമ്പോള്‍ കണ്ണടച്ച് നോക്കി നില്‍ക്കാന്‍ തന്‍റെ നീതി ബോധം  അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍  പുറത്തു കൊണ്ടുവരിക എന്നത് പ്രതിപക്ഷനേതാവെന്ന നിലയിലുള്ള തന്‍റെ കര്‍ത്തവ്യമാണ്. അതിനാലാണ് ദുഖത്തോടെയാണെങ്കിലും ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ അഴിമതിയും കൊള്ളയും  പുറത്തുകൊണ്ടുവരേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജനാധിപത്യത്തിന്റെ വികസന സാദ്ധ്യതകള്‍ പുതിയ ലോകത്ത് എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി കൊണ്ട് ഉദ്ദേശിച്ചതെന്ന് സ്പീക്കര്‍ പറയുന്നു. പക്ഷേ, ജനാധിപത്യത്തിന്റെ വികസന സാധ്യതകള്‍ ഉപയോഗിച്ച് എങ്ങനെ കൊള്ള നടത്താം എന്നതിന്റെ ഉത്സവമായിരുന്നു യഥാര്‍ത്ഥത്തില്‍ നടന്നത്. ട്രിവാന്‍ഡ്രം ഡിക്ലറേഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. അത് അയച്ചുകൊടുത്തപ്പോള്‍ 9 നിയമസഭകളില്‍ നിന്ന് സ്പീക്കര്‍ക്ക് ക്ഷണവും കിട്ടിയത്രേ. നല്ല കാര്യം. പക്ഷേ, നമുക്ക് അതിന് ചിലവാക്കേണ്ടിവന്നത് രണ്ടേകാല്‍ കോടി രൂപയാണ്.

ഏതു സമയത്താണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നടത്തിയെന്ന് ഓര്‍ക്കണം. 2018- ലെ മഹാപ്രളയത്തില്‍ കേരളം തകര്‍ന്നടിഞ്ഞു കിടക്കുകയും എല്ലാ ചെലവുകളും നിയന്ത്രിക്കുകയും ചെയ്തിരുന്നപ്പോഴാണ് 2019 ഫെബ്രുവരിയില്‍ ഉത്സവം നടത്തിയത്. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും തങ്ങളുടെ കുടുക്ക പൊട്ടിച്ച് പ്രളയത്തില്‍ എല്ലാം തകര്‍ന്നവരെ സഹായിക്കാന്‍ മുന്നോട്ടുവന്ന ആ സമയത്താണ് നിയമസഭയില്‍ കോടികള്‍ പൊടിച്ചു കളഞ്ഞ് ഈ ധൂര്‍ത്ത നടത്തിയത്. ഒരുവശത്ത് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് കയ്യിട്ട് വാരി. മറുവശത്ത് ധൂര്‍ത്തും. 6 പരിപാടികളാണ് ആവിഷ്‌കരിച്ചത്. യഥാര്‍ത്ഥത്തില്‍ കോവിഡാണ് രക്ഷിച്ചത്. അതിനാല്‍ രണ്ടു പരിപാടികയേ നടത്തിയുള്ളു. അതിനാണ് രണ്ടേകാല്‍ കോടി ചെലവാക്കിയത്. ആറു പരിപാടി നടത്തിയിരുന്നെങ്കില്‍ എത്ര കോടി ആകുമായിരുന്നു? എന്ത് നേട്ടമാണ് അതുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും അതിനായി കരാര്‍ അടിസ്ഥാനത്തിലെടുത്ത ജീവനക്കാരെ മാസം 30,000 രൂപ ശമ്പളം നല്‍കി ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത് എന്തിനാണെന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞില്ല. കഴിഞ്ഞ സെപ്തംബര്‍ വരെ അവര്‍ക്ക് ശമ്പളമായി നല്‍കിയത് 21.16 ലക്ഷം രൂപയാണ്. ജനങ്ങളുടെ പണമല്ലേ ഇത്?- പ്രതിപക്ഷ നേതാവ് ചോദിച്ചു.