കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ് ബി സംസ്ഥാനത്തിന് വൻ ബാധ്യത. മസാല ബോണ്ട് വാങ്ങുന്നത് ഇടതുമുന്നണിയിൽ ചർച്ചചെയ്‌തോ എന്നതടക്കം ആറ് ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് സർക്കാരിനോട് ചോദിച്ചു.
മസാല ബോണ്ടില്‍ ലാവലിന്‍ ബന്ധവും അദ്ദേഹം വീണ്ടും ഉന്നയിച്ചു. മസാല ബോണ്ട് കാനഡക്കാര്‍ മാത്രം എങ്ങനെ വാങ്ങിയെന്നും ചെന്നിത്തല ചോദിച്ചു. ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കാനഡയിലെ ലാവലിന്‍ സഖ്യ കമ്പനി ബോണ്ട് കച്ചവടമാക്കിയത് പഴയ ബന്ധം വഴിയാണെന്നും അദ്ദേഹം ആരോപിച്ചു. വളഞ്ഞ വഴിക്കുള്ള ഇടപാടാണ് നടന്നതെന്നും ഇതില്‍ എത്ര കമ്മീഷൻ കിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ജനതയെ കടക്കെണിയിലേക്ക് തള്ളി ഇടുന്നതാണ് മസാല ബോണ്ട്. ഉയർന്ന പലിശ ഈടാക്കുന്നത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്. ഏറ്റവും കൂടുതൽ പലിശ കിഫ്ബി ഇറക്കിയ മസാല ബോണ്ടിനാണ്. പലിശ കുറവാണെന്നത് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ട് ലോകത്ത് ആർക്കും വാങ്ങാമെന്നിരിക്കെ കാനഡ കമ്പനി മാത്രം ഇത് എങ്ങനെ അറിഞ്ഞു ? ലാവലിൻ സഖ്യ കമ്പനിയിൽ നിന്ന് എത്ര കമ്മീഷൻ കിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കാബിനറ്റിനെയോ നിയമസഭയെയോ ഇടപാട് അറിയിച്ചിട്ടില്ല. മറുപടി പറയേണ്ടത് കരാർ ഉദ്യോഗസ്ഥർ അല്ല. ലാവലിൻ കമ്പനിയെ സഹായിക്കാൻ ഉള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.