തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
* രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ഒരു നിര്‍ദ്ദേശം. പ്രതിപക്ഷം നേരത്തെ തന്നെ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്. സര്‍ക്കാര്‍ അത് ചെവിക്കൊള്ളാതിരുന്നതാണ് സംസ്ഥാനം ഇപ്പോള്‍ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലെത്താനുള്ള കാരണങ്ങളിലൊന്ന്. സംശയമുള്ള മേഖലകളിലെല്ലാം വ്യാപകമായി ടെസ്റ്റ് നടത്തിയാലേ രേഗികളെ കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനും കഴിയൂ.
* കൊവിഡ് ടെസ്റ്റിന്റെ ഫലം കിട്ടാന്‍ ഇപ്പോള്‍ പത്ത് ദിവസം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്. ഇതും രോഗവ്യാപനത്തിനും രോഗികളുടെ ബുദ്ധിമുട്ടിനും കാരണമാകുന്നു. അതിനാല്‍ ഫലം കിട്ടാനുള്ള കാലതാമസം ഒഴിവാക്കണം. അതിനായി ലബോറട്ടറികളുടെ എണ്ണം കൂട്ടുകയും അവയുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും വേണം.
* ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നതാണ് മൂന്നാമത്തെ നിര്‍ദ്ദേശം. സംസ്ഥാനത്തെ പല ഭാഗങ്ങളിലേയും ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ യാതൊരു സൗകര്യങ്ങളുമില്ലാതെ നിരീക്ഷണത്തിലുള്ളവരും രോഗികളും നരകയാതന അനുഭവിക്കുകായണ്. സമയത്തിന് ഭക്ഷണമോ, വെള്ളമോ, മരുന്നോ, വസ്ത്രങ്ങളോ കിട്ടുന്നില്ല എന്ന പരാതി വ്യാപകമാണ്. അടിയന്തിരമായി ഈ ദുരവസ്ഥ പരിഹരിക്കണം.
* ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന കണ്ടെയിന്മെന്റ് സോണുകളില്‍ ഭക്ഷണവും ശുദ്ധജലവും കിട്ടാതെ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് അത് എത്തിക്കാന്‍ സംവിധാനമൊരുക്കണം. അവിടെ സൗജന്യമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യണം. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കണം.
*കൊവിഡ് പടര്‍ന്ന് പിടിച്ച തീരദേശത്ത് സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. സൗജന്യ റേഷന്‍ നല്‍കിയത് കൊണ്ടു മാത്രം കാര്യമായില്ല. മത്സ്യബന്ധനം തടഞ്ഞിരിക്കുന്നതിനാല്‍ തീരദേശത്തെ ജനങ്ങള്‍ പട്ടിണിയിലാണ്. ഭക്ഷ്യക്കിറ്റും അവശ്യസാധനങ്ങളും പച്ചക്കറിയും മറ്റും തീരദേശത്ത് സൗജന്യമായി വിതരണം ചെയ്യണം.
* കൊവിഡ് അല്ലാത്ത മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സ ഉറപ്പാക്കണമെന്നതാണ് പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ച മറ്റൊരു നിര്‍ദ്ദേശം. ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. പക്ഷേ കോവിഡിനിടയില്‍ ഇവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഡയാലിസിസ് വേണ്ട രോഗികളും ബുദ്ധിമുട്ടിലാണ്.
*ലോക്ഡൗണ്‍ നിലനില്‍ക്കുന്ന മേഖലകളില്‍ കുടുംബശ്രീയുടെ ഹോട്ടലുകള്‍ വഴി ഭക്ഷണമെത്തിക്കുമെന്ന അധികൃതരുടെ ഉറപ്പും പാളിപ്പോയിരിക്കുന്നു. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ഒട്ടേറെ പേരുണ്ട്. അതിനാല്‍ ഇവിടെ ഭക്ഷണ വിതരണത്തിന് സംവിധാനമൊരുക്കണം.
*കണ്ടയിന്മെന്റ് സോണുകള്‍ വിലയിരുത്തി രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കില്‍ കണ്ടെയിന്മെന്റ് സോണുകളല്ലാതാക്കി പ്രഖ്യാപിക്കുന്നതിന് ഇപ്പോഴുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്നതാണ് രമേശ് ചെന്നിത്തല കത്തില്‍ മുന്നോട്ട് വച്ച മറ്റൊരു നിര്‍ദ്ദേശം.