‘ടിപിയുടെ കൊലപാതകത്തിന് സമം, സിപിഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം’ ; ശക്തമായ പ്രതിഷേധം അറിയിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, April 7, 2021

ആലപ്പുഴ : കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അക്രമത്തിന് പിന്നിലുള്ളവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയഭീതി പൂണ്ട് ഇടതുപക്ഷം അക്രമം അഴിച്ചുവിടുകയാണ്. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതിന് സമാനമാണ് മന്‍സൂറിന്‍റെ കൊലപാതകമെന്നും അദ്ദേഹം ഹരിപ്പാട് പറഞ്ഞു.

മൻസൂറിനെ സിപിഎം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളി പാർട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാൻ തയാറാകണം. എത്ര ചോര കുടിച്ചാലും മതിയാവില്ലെന്നാണ് സിപിഎം ആവർത്തിക്കുന്നത്. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആസൂത്രിതമായ കൊലപാതകമാണെന്നാണ് മനസിലാക്കുന്നത്. ഏത് കൊലപാതകവും അപലപിക്കപ്പെടേണ്ടതാണ്. കൊലപാതകരാഷ്ട്രീയത്തോട് യുഡിഎഫിന് യോജിക്കാനാവില്ല. കൊലപാതകം ആരുനടത്തിയാലും നിയമനടപടിയുണ്ടാകണമെന്നും പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കായംകുളത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിയ സംഭവമുണ്ടായി. പുതുപ്പള്ളി ബൂത്ത് ഏജന്‍റ് സോമനെതിരെയും കായംകുളത്ത് അഫ്‌സലിനെതിരെയും ആക്രമണമുണ്ടായി. ഹരിപ്പാട് ആറാട്ടുപുഴ പഞ്ചായത്തിൽ മണ്ഡലം പ്രസിഡന്‍റ് രാജേഷ് കുട്ടനെ മർദിച്ചു. ഗുരുതര പരിക്കേറ്റ രാജേഷിനെ കായംകുളം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

കണ്ണൂരിലെ പല ബൂത്തുകളിലും ബൂത്ത് ഏജന്‌‍റുമാരെ പോലും ഇരിക്കാൻ അനുവദിച്ചില്ല. ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീ പ്രസ്ഥാനം ഇങ്ങനെയാണേോ പ്രവർത്തിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സസ്താനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അക്രമവും ഭീഷണിയും സിപിഎം അഴിച്ചുവിടുകയാണ്. ഇനിയെങ്കിലും സമാധാനം നിലനിർത്താനുള്ള നടപടികൾ സിപിഎം നേതൃത്വം സ്വീകരിക്കണം. ലീഗ് പ്രവർത്തകന്‍റെ കൊലപാതകം ദുഃഖിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നതാണ്. സമാധാനം നിലനിർത്താൻ യുഡിഎഫ് പ്രവർത്തകർ മുൻകൈ എടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.