നിയമസഭയിൽ കള്ളക്കണക്ക് അവതരിപ്പിച്ചു; മന്ത്രി വാസവനെതിരെ അവകാശ ലംഘന നോട്ടീസുമായി രമേശ്‌ ചെന്നിത്തല

Jaihind News Bureau
Friday, February 13, 2026

ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല അവകാശ ലംഘ ന്നത്തിനു നോട്ടീസ് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025 സെപ്റ്റംബറിൽ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനായി ദേവസ്വംബോർഡിൽ നിന്നും ചെലവഴിച്ച തുകയെ സംബന്ധിച്ച് പരസ്പര വിരുദ്ധവും, അവാസ്തവമായ മറുപടികൾ ദേവസ്വം മന്ത്രി നിയമസഭയിൽ നൽകിയെന്നാണ് രമേശ്‌ ചെന്നിത്തല സ്പീക്കർക്ക് ഇതു സംബന്ധിച്ച് നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനായി സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടില്ല എന്നാണ് ദേവസ്വംവകുപ്പുമന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയത്. എന്നാൽ 28.1.2026 ലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 811 നുള്ള മറുപടിയിൽ ആഗോള അയ്യപ്പസംഗമം, സ്പോൺസർമാരെ കണ്ടെത്തി നടത്തുന്നതിനാണ് തീരുമാനിച്ചിരുന്നതെന്നും സ്പോൺസർമാരെ കണ്ടെത്തി തുക ലഭ്യമാക്കുന്നതിന് കാലതാമസം നേരിട്ടതിനെ തുടർന്ന് റിലീജിയണൽ, റിലീജിയസ് കൺവൻഷനുകൾ നടത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ബജറ്റിൽ വകയിരുത്തിയിരുന്ന തുക ആഗോള അയ്യപ്പസംഗമത്തിനായി അഡ്വാൻസ് ഇനത്തിൽ ചെലവഴിച്ചിരുന്നു എന്നും സ്പോൺസർമാർ വാഗ്ദാനം ചെയ്തിരുന്ന തുക അക്കൗണ്ടിൽ ലഭിച്ചതിനെ തുടർന്ന് ഈ തുക തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് മറുപടി നൽകിയിട്ടുള്ളത്.

എന്നാൽ അയ്യപ്പസംഗമത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നും 5 കോടി രൂപ എടുത്തിരുന്നതായും, അയ്യപ്പസംഗമം കഴിഞ്ഞ് 4 മാസത്തിലേറെയായിട്ടും മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളതെന്നും 2 കോടി രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് വിവിധ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നിട്ടുള്ളതായി രമേശ്‌ ചെന്നിത്തല സ്പീക്കർ ക്ക് നൽകിയ കത്തി ൽ പറയുന്നു. ദേവസ്വംവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടി തികച്ചും തെറ്റായിരുന്നു എന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തികച്ചും ദുരുദ്ദേശപരമായ മറുപടികൾ ആണ് മന്ത്രി നിയമസഭയിൽ നൽകിയതെന്നും അത് കൊണ്ടു മന്ത്രി വി എൻ വാസവ നെതിരെ അവകാശ ലംഘനം ഉന്നയിക്കുന്നതിനുള്ള അനുമതി നൽകണം എന്നുമാണ് രമേശ്‌ ചെന്നിത്തല കത്തിൽ ആവിശ്യപ്പെട്ടിരിക്കുന്നത്.