സ്റ്റേ ഉത്തരവ് ധനമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി, ജീവനക്കാരെ ധനമന്ത്രി വെല്ലുവിളിക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, April 28, 2020

 

തിരുവനന്തപുരം:  ധനമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് സാലറി ചലഞ്ചില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരെ ധനമന്ത്രി വെല്ലുവിളിക്കുകയായിരുന്നു.  കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സാലറി ചലഞ്ചിന് ജീവനക്കാര്‍ എതിരല്ല. എന്നാല്‍ ഓരോരുത്തരുടേയും കഴിവിനനുസരിച്ച് സംഭാവന ചെയ്യാന്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് സജീവമായി പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഒരു സഹായവും നല്‍കുന്നില്ല. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഖ്യാപനങ്ങള്‍ മാത്രം അത് നടപ്പിലാക്കുകയും വേണം.  ആദ്യത്തെ അവേശം ഇപ്പോൾ പഞ്ചായത്തുകളിൽ ഇല്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കൊവിഡ് ടെസ്റ്റുകള്‍ നടത്താൻ സർക്കാർ തയ്യാറാകണം. പുതിയ കേസുകൾ ടെസ്റ്റിങ്ങിന് വരുന്നത് കുറവാണ് പരിശോധനാ കിറ്റുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരികെ എത്തിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം.

മറ്റ് സംസ്ഥാനങ്ങൾ അവിടത്തെ ജനങ്ങളെ നാട്ടിലെത്തിക്കുന്നു. എന്തു കൊണ്ട് കേരള സർക്കാർ ഇതിന് പരിശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ നടപടി സ്വീകരിക്കണം. ചെറുകിട ഇടത്തരം കർഷകരെ സഹായിക്കാൻ നടപടി എടുക്കണം. പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണം. പ്രധാനമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.