മത്സ്യബന്ധന കരാര്‍ ചർച്ചയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്തു ; ചിത്രങ്ങള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, February 20, 2021

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അഴിമതിയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടു. മന്ത്രിയും ഇഎംസിസി ഡയറക്ടറും ഫിഷറീസ് ഡയറക്ടറുമാണ് ചിത്രത്തില്‍. എന്തിനാണ് ഈ ചർച്ച എന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത് പ്രകാരമാണ് കമ്പനി കേരളത്തിലേക്ക് വന്നത് എന്ന് വ്യക്തമാക്കുന്ന രേഖകളും അദ്ദേഹം പുറത്തുവിട്ടു. ആരെ കബളിപ്പിക്കാനാണ് മന്ത്രി ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഫിഷറീസ് മന്ത്രി ഇഎംസിസിയുമായി ന്യൂയോർക്കിൽ ചർച്ച നടത്തിയോ എന്നതിന് സർക്കാർ മറുപടി പറയണം. ഇല്ല എന്നാണെങ്കിൽ കൂടുതൽ തെളിവുകൾ പുറത്തുവിടും. സർക്കാരിൻ്റെ മറ്റ് തട്ടിപ്പുകൾ പോലെ സംശയത്തിൻ്റെ മുന നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണ്. മന്ത്രിമാർ ഇന്നലെ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മത്സ്യബന്ധന കരാർ സംബന്ധിച്ച് ആരോപണം ഉന്നയിച്ചപ്പോൾ തന്റെ മാനസികനില തെറ്റിയിരിക്കുകയാണെന്ന പ്രതികരണമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയത്. ഇങ്ങനെ ഒരു കരാറിനെ കുറിച്ച് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്ന തരത്തിലാണ് മന്ത്രി സംസാരിച്ചത്. വ്യവസായ മന്ത്രി ഇ.പി.ജയരാജനാകട്ടെ പ്രതിപക്ഷനേതാവ് എന്തൊക്കെയോ പറയുന്നു എന്നാണ് പ്രതികരിച്ചത്. തന്‍റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞതില്‍ പരിഭവമില്ല. സ്പ്രിങ്ക്ളർ, ഇ – മൊബിലിറ്റി തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് തനിക്ക് പ്രത്യേക മാനസികാവസ്ഥയാണ്, മനോനില തെറ്റിയിരിക്കുകയാണ് എന്നൊക്കെയാണ്. എന്നാല്‍ അവയെല്ലാം പൂര്‍ണ്ണമായി ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മേഴ്സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്.’ – രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുത്തു എന്ന കാര്യം അറിഞ്ഞ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടായിട്ടുണ്ടാവും. മേഴ്സിക്കുട്ടിയമ്മ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു എന്നതിനും വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ട്. സര്‍ക്കാര്‍ വളരെ താത്പര്യപൂര്‍വ്വമാണ് ഈ പദ്ധതി മുന്നോട്ട് നീക്കി എന്നതിനും നിരവധി തെളിവുകളുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.