സർക്കാരിന് തിരിച്ചടിയുടെ നാളുകള്‍; പ്രതികളെ രക്ഷിക്കാന്‍ പണം ചെലവാക്കിയവർ നാണംകെട്ടു: രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, August 25, 2020

 

തിരുവനന്തപുരം:  പെരിയ കേസിലെ കോടതി വിധിയില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് ഓരോദിവസവും തിരിച്ചടിയുടെ നാളുകളാണ്. പ്രതികളെ രക്ഷിക്കാന്‍ പണം ചെലവാക്കിയ സർക്കാർ  നാണം കെട്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.  കോടികള്‍ ചെലവഴിച്ചിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം  പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി. കേസ് സിബിഐ തന്നെ അന്വേഷിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. വാദം പൂർത്തിയായി 9 മാസത്തിനുശേഷമാണ് കേസിൽ ഹൈക്കോടതി വിധി പറയുന്നത്.

കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട് ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും രക്ഷിതാക്കൾ ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ പതിനാറിനാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി.രവികുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസിൽ വിധി പറഞ്ഞിരുന്നില്ല.

ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാ‍ര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ തിങ്കളാഴ്ച പുതിയ ഹർജി നൽകി. ഇതിന് തൊട്ടു പിന്നാലെയാണ് കേസിൽ ഇന്ന് വിധി പറയും എന്ന് ഹൈക്കോടതി അറിയിച്ചത്.