സില്‍വർ ലൈനില്‍ സർക്കാരിന് ‘യു ടേൺ’ എടുക്കേണ്ടി വരും : രമേശ് ചെന്നിത്തല

കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയില്‍ നിന്ന് സർക്കാർ പിന്നോട്ട് പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല. പദ്ധതിയില്‍ നിന്ന്  സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്നും   മുന്നോട്ടുപോയാൽ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ സമരം എന്ന വാദം ബാലിശമാണെന്നും മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന കാര്യത്തിൽ സിപിഎമ്മിന് പോലും സംശയമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.

സില്‍വർ ലൈന്‍ പദ്ധതി ജനങ്ങളുടെ മേല്‍ വലിയ ബാധ്യത അടിച്ചേല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെ റെയില്‍ സിൽവർലൈൻ പദ്ധതിയെ വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ ആട്ടിയോടിച്ചു. അലൈന്‍മെന്‍റ്  കടന്നുപോകുന്ന വെൺമണി പുന്തലയിലാണ് സിപിഎമ്മുകാരെ നാട്ടുകാർ വീടുകളില്‍ നിന്ന് നാണംകെടുത്തി ഇറക്കി വിട്ടത്. രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ  നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താനെന്ന്  ലോക്കൽ കമ്മിറ്റി അംഗം നാട്ടുകാരോട് പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവക്കുകയും ചെയ്തു.

 

Comments (0)
Add Comment