ഗുഡ്‌വിന്‍ തട്ടിപ്പുകാരുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം ഗൗരവമേറിയത്; അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 3, 2020

 

തിരുവനന്തപുരം: ഗുഡ്‌വിന്‍ തട്ടിപ്പ് കേസിലെ പ്രതികളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പ്രതികള്‍ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടേയും സ്പീക്കറടക്കമുള്ളവരുടേയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതുകൊണ്ടു മാത്രം അഴിമതിയുണ്ടെന്ന് ആരും പറയില്ല. എന്നാല്‍ ഗുരുവായൂരും ശബരിമലയിലും സെക്യൂരിറ്റി നിരീക്ഷണത്തിന്‍റെ കരാറുകളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ സുരക്ഷാ നിരീക്ഷണമുള്ള ക്ഷേത്രങ്ങളിലെ കാരാറുകളും പ്രതികള്‍ക്ക് തരപ്പെടുത്തി നടത്താന്‍ നടത്തിയ ശ്രമം അതീവഗൗരവമുള്ളതാണ്.

ഇത്തരം വാർത്തകള്‍ പുറത്തുവരുമ്പോള്‍ കടലാസ് രേഖയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. അധോലോക സംഘങ്ങളുമായും സ്വർണ്ണക്കടത്തുകാരുമായും ബന്ധപ്പെട്ടത് ആരാണെന്ന് പുറത്തുവരണം. തട്ടിപ്പുകള്‍ പുറത്തുവരുമ്പോള്‍ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മനസിലായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അഴിമതിയും കൊള്ളയുമാണ് നടക്കുന്നത്. എന്നാല്‍ ഇതൊന്നും അന്വേഷിക്കേണ്ടന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കേരള ജനതയെ വഞ്ചിക്കുന്ന സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമാണ് സ്പീക്ക് അപ് കേരള സത്യാഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.