സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം ; സിപിഎം-ബിജെപി അന്തർധാര വ്യക്തമെന്ന് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Saturday, August 29, 2020

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി ചാനൽ ജനം ടി.വിയുടെ മേധാവി  അനിൽ നമ്പ്യാർ കേസ് തുടക്കത്തിൽ തന്നെ വഴിതിരിച്ചുവിടാൻ ശ്രമിച്ചതായി സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. പകരം പാർട്ടിക്ക് കോൺസുലേറ്റിൽ നിന്നുള്ള സഹായമാണ് ചോദിച്ചത്. കൈരളി ചാനൽ മേധാവി ജോൺ ബ്രിട്ടാസ് സ്വപ്‌ന വാങ്ങിയ കമ്മീഷന്‍റെ കണക്ക് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തി. അത് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തു. തട്ടിപ്പിന്‍റെ വിവരങ്ങൾ ഇവർക്ക് അറിയാമെന്നതിന്‍റെ സാക്ഷ്യപത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നയതന്ത്ര ബാഗേജിലൂടെയല്ല സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതെന്ന് വി മുരളീധരൻ പറഞ്ഞതും ഇതാേടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാവിയിൽ ഉത്ക്കണ്ഠയുണ്ട്. രണ്ടാം പ്രതിയുടെ അമ്മ പറയുന്നത് താൻ സി.പി.എമ്മും മകൻ ബി.ജെ.പിയുമാണെന്നാണ്. ഇരു പാർട്ടികളുമായുള്ള കൂടുതൽ ബന്ധം പുറത്തുവരികയാണ്. അന്വേഷണം കൂടുതൽ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി എ.കെ ബാലൻ പ്രതിപക്ഷത്തിനുനേരെയും മാധ്യമങ്ങൾക്ക്‌ നേരെയും കടുത്ത വെല്ലുവിളിയാണ് ഉർത്തിയത്. മുഖ്യമന്ത്രിക്കെതിരായും സർക്കാരിനെതിരായും ആരെങ്കിലും പ്രസ്താവനയോ പത്രസമ്മേളനമോ നടത്തിയാൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് നിയമമന്ത്രി പറഞ്ഞത്. ജനാധിപത്യസംവിധാനത്തിൽ ഇത്തരം നടപടികൾ ചേർന്നതാണോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാനും വിലയിരുത്താനുമുള്ള മൗലികമായ ഉത്തരവാദിത്വം പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമുണ്ട്. ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ഇത് പിൻവലിക്കാൻ നിയമമന്ത്രി തയാറാകണം. സോളാർ കേസിന്റെ സമയത്ത് രാവിലെ കുമ്മനം പറയുന്നത് ഉച്ചയ്ക്ക് പിണറായി പറയുമായിരുന്നു. അന്നത്തെ പ്രതിപക്ഷം ഇതിനെ രാഷ്ട്രീയകൂട്ടുകെട്ട് എന്ന് പറഞ്ഞിരുന്നില്ല. അന്നത്തെ സർക്കാരിനെതിരെ കുറുമുന്നണിയായാണോ ബി.ജെ.പിയും സി.പി.എമ്മും പ്രവർത്തിച്ചത്. ജനങ്ങളുടെ ഓർമ്മശക്തി പരീക്ഷിക്കരുത്. വസ്തുതകളെ ക്രൂശിലേറ്റരുത്.

എന്ത് വെല്ലുവിളികളുണ്ടായാലും സർക്കാരിന്‍റെ കൊള്ളയും അഴിമതിയും പുറത്തുകൊണ്ടുവരാൻ യു.ഡി.എഫ് പോരാടും.
മാധ്യമങ്ങളെ രണ്ട് തരത്തിലാണ് നിലയ്ക്ക് നിർത്താൻ ശ്രമിക്കുന്നത്. ഭീഷണിപ്പെടുത്തിയും മാധ്യമപ്രവർത്തകരെ സൈബർ സഖാക്കളെക്കൊണ്ട് വേട്ടയാടിയും. ഭീഷണിയും വേട്ടയാടലും നടന്നില്ലെങ്കില്‍ പരസ്യം നൽകി വശത്താക്കാനാണ് ശ്രമം.
എല്ലാ ജില്ലയിലും കിഫ്ബിയുടെ നേട്ടങ്ങൾ എല്ലാവരും വായിച്ച് മനസിലാക്കാൻ വേണ്ടി കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുക്കാൻ ശ്രമിക്കുകയാണ്. കിഫ്ബി തന്നെ അഴിമതിയുടെ കൂടാരമാണ്. ക്രമക്കേടിന്‍രേയും അനധികൃത നിയമനങ്ങളുടെയും കൂടാരമാണ്. ആ കിഫ്ബിയെ വെള്ളപൂശാനാണ് കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകാൻ ഒരുങ്ങുന്നത്. പണം കൊടുത്ത് ചാക്കിലാക്കാൻ കഴിയുന്നവരല്ല കേരളത്തിലെ മാധ്യമപ്രവർത്തകരെന്ന് സർക്കാർ ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചീഫ് സെക്രട്ടറിയെക്കൊണ്ട് തടയിച്ചാലും സൈബർ ഗുണ്ടകളെ കൊണ്ട് അപമാനിച്ചാലും വ്യക്തിപരമായി അധിക്ഷേപിച്ചാലും ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റണമെന്ന് ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകരാണ് കേരളത്തിലേത്. കിഫ്ബിയിലെ കൊള്ള നിരവധി തവണ പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. വരും ദിവസങ്ങളിലും ക്രമക്കേടുകൾ പുറത്തുകൊണ്ടുവരും. അനധികൃത നിയമനങ്ങൾ സംബന്ധിച്ച് പുറത്തുവരുന്നുണ്ട്. കിഫ്ബിയുടെ പണം മുഴുവൻ ലോണെടുത്തിട്ടുള്ളതാണ്. മസാല ബോണ്ടിലൂടെയും അല്ലാതെയും കഴുത്തറപ്പൻ പലിശയ്ക്ക് വാങ്ങിയിരിക്കുന്ന പണം മുഴുവൻ ധൂർത്തടിക്കുന്ന സർക്കാർ നടപടി നാളെ ഏത് ഗവൺമെന്‍റ് വന്നാലും അവർക്ക് ഭാരമാകാൻ പോകുന്നതാണ്. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പി.എസ്.സി ചെയർമാന്. റാങ്ക് ലിസ്റ്റുകൾ കാലഹരണപ്പെടുന്നു, നിയമനങ്ങൾ ലഭിക്കാതെ യുവജനങ്ങൾ കഷ്ടപ്പെടുന്നു. ഇതിനൊന്നും മറുപടിയില്ല. നിയമനങ്ങളിലെ അപാകതകള് ചൂണ്ടിക്കാണിക്കുമ്പോഴും പി.എസ്.സി ചെയർമാന് വിരോധമാണ്. കുത്തുകേസിലെ പ്രതി റാങ്ക് പട്ടികയിൽ എങ്ങനെ ഒന്നാമതെത്തി എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.