മലപ്പുറം: ഇ.പി. ജയരാജനെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയത് ബിജെപിയുമായുള്ള ധാരണ പുറത്തുവന്നതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ഇടതുമുന്നണിയിലെ ജീർണതയാണ് പുറത്തുവന്നത്. ബിജെപിയുമായി ഏറ്റവും വലിയ പാലം മുഖ്യമന്ത്രിയാണെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിടിക്കപ്പെട്ടതുകൊണ്ടാണ് ഇ.പി. ജയരാജനെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയത്. ബിജെപിയുമായുള്ള ധാരണ മറനീക്കിയില്ലായിരുന്നെങ്കില്‍ ജയരാജന് കണ്‍വീനർ സ്ഥാനത്ത് തുടരുമായിരുന്നുവെന്നും രമേശ് ചെന്നിത്തല മലപ്പുറം കാടാമ്പുഴയിൽ പറഞ്ഞു.
പി.വി. അൻവർ-സുജിത്ദാസ് വെളിപ്പെടുത്തൽ കേരളാ പോലീസിന്‍റെ ഗുരുതര അവസ്‌ഥയാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. പോലീസിന്‍റെ വിശ്വാസ്യത തകർന്നുവെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.