
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. അംഗവുമായ എം.ആര്‍. രഘുചന്ദ്രബാലിന്റെ ആകസ്മിക വേര്‍പാടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.
പതിറ്റാണ്ടുകളായുള്ള ആത്മബന്ധം തനിക്കുണ്ടായിരുന്ന പ്രിയ സഹപ്രവര്‍ത്തകനാണ് രഘുചന്ദ്രബാലെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
ദീര്‍ഘകാലം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായും കോവളം, പാറശ്ശാല നിയോജകമണ്ഡലങ്ങളില്‍ നിന്ന് നിയമസഭാംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ജനകീയ നേതാവായിരുന്നു. നാടിന്റെ ശബ്ദം നിയമസഭയില്‍ മുഴക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും രഘുചന്ദ്രബാല്‍ പരിശ്രമിച്ചു. കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജ് സ്ഥാപിച്ചതുള്‍പ്പെടെ മണ്ഡലത്തിലുടനീളം എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. നാട്ടിലെ ജനകീയ പ്രശ്‌നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ജനകീയനായ ഒരു പൊതുപ്രവര്‍ത്തകനായിരുന്നുവെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയത്തിന് പുറമെ കലാമേഖലയിലും ബാല്‍ ശ്രദ്ധേയനായിരുന്നു. നാടക ഗാനങ്ങള്‍ കമ്പോസ് ചെയ്യുകയും നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.