RAMESH CHENNITHALA| രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ ലഹരിക്കെതിരെയുള്ള സമൂഹ നടത്തം ഇടുക്കിയില്‍ നടന്നു

Jaihind News Bureau
Wednesday, October 29, 2025

രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ പതിമൂന്നാമത് വാക്ക് ഏഗന്‍സ്റ്റ് ഡ്രഗ്‌സ് – ലഹരിക്കെതിരെയുള്ള സമൂഹ നടത്തം ഇടുക്കിയിലെ കട്ടപ്പനയില്‍ നടന്നു. ഇടുക്കി മലങ്കര പള്ളി സ്‌കൂള്‍ കവല മുതല്‍ കട്ടപ്പന ഗാന്ധി സ്‌ക്വയര്‍ വരെ നീളുന്ന യാത്രയില്‍ ഇടുക്കിയിലെ രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്തു. ഗാന്ധി സ്‌ക്വയറില്‍ സമാപന സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ജാഥാംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള.

ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട് ആണ്. തുടര്‍ന്ന് തിരുവനന്തപുരം കൊല്ലം ആലപ്പുഴ പത്തനംതിട്ട കാസര്‍ഗോഡ് മലപ്പുറം തൃശൂര്‍ കണ്ണൂര്‍ വയനാട്, പാലക്കാട്, കോട്ടയം തുടങ്ങിയ ജില്ലകള്‍ പിന്നിട്ട ശേഷമാണ് ഇത് ഇടുക്കിയില്‍ എത്തുന്നത്. വയനാട്ടില്‍ ഈ റാലി നടക്കുമ്പോള്‍ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവര്‍ ജാഥാ വേദിയിലെത്തുകയും രമേശ് ചെന്നിത്തലയെ നേരിട്ട് അഭിനന്ദിക്കുകയുമുണ്ടായി.

കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭയില്‍ വെളിപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 18 വയസില്‍ താഴെ പ്രായമുള്ള 588 കുട്ടികളെയാണ് സംസ്ഥാന ഡി അഡിക്ഷന്‍ സെന്ററില്‍ ലഹരിമുക്തി ചികിത്സയ്ക്കു വിധേയരാക്കിയത്. 2024ല്‍ 2,880 കുട്ടികള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ മാത്രം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരായി. ഇത് 2023നെക്കാള്‍ 45 ശതമാനം അധികമാണ്. കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേടിപ്പിക്കുന്ന കണക്കാണിത്.

ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകര്‍ക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. നേരത്തേ മുംബൈയിലും ഗോവയിലും വേരുറപ്പിച്ചിരുന്ന, പിന്നീട് പഞ്ചാബിനെ ലഹരിയില്‍ മുക്കിയ സംഘമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ചുവടു മാറ്റുന്നത്. ഇതിനെതിരേ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരല്‍ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്മെന്റ് നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങള്‍. രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവും ഈ സദുദ്യമത്തിനുണ്ടാകണമെന്നും മയക്കുമരുന്ന് വ്യാപനത്തിനെതിരെ എല്ലാ പ്രസ്ഥാനങ്ങളും സംഘടനകളും കൈകോര്‍ത്തു. സ്‌കൂളുകളും കോളേജുകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ രാഷ്ട്രീയേതര പ്രസ്ഥാനങ്ങളും ഇതില്‍ പങ്കെടുത്തു.