മന്ത്രി കെ ടി ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . എംജി സർവ്വകലാശാലയിൽ നടന്ന അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുന്നതിന് വ്യക്തമായ തെളിവുകൾ മുന്നിൽ നിരത്തി വെച്ചിട്ടും തെളിവുണ്ടോ എന്ന് ചോദിക്കുകയാണ് മന്ത്രി കെ ടി ജലീൽ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെട്ടുപോകാൻ മന്ത്രിക്ക് സാധിക്കില്ലെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് എറണാകുളത്ത് പറഞ്ഞു.
മന്ത്രി കെ.ടി.ജലീലിനെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ ഉദ്ഘാടനച്ചടങ്ങിൽ മാത്രമേ പങ്കെടുത്തു എന്നുള്ള മന്ത്രിയുടെ വാദം പൊളിയുന്നു എന്നതാണ് ഇന്ന് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങൾ. അതുകൊണ്ടുതന്നെ മന്ത്രി പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിഞ്ഞിരിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം മന്ത്രി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മാർക്ക് കച്ചവടം നടത്തുന്ന ചന്ത പോലെയാക്കി അദാലത്തിനെ മാറ്റുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും അദാലത്തിൽ വെച്ച് തീരുമാനമെടുത്തത് തെറ്റ്ആയിപ്പോയെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ സിൻഡിക്കേറ്റ് അംഗം ഡോക്ടർ പി കെ ഹരികുമാർ സമ്മതിക്കുകയും ചെയ്തു. അത് മന്ത്രി ഇതുവരെ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമായ വാദങ്ങൾ ആണെന്ന് തെളിയിക്കുന്ന വ്യക്തമായ സൂചന ആണെന്നും അദ്ദേഹം പറഞ്ഞു
സർവകലാശാലകൾ ചട്ടപ്രകാരം ആണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ആണ് സംസ്ഥാന സർക്കാർ ഉള്ളത് എന്നാൽ ഇവിടെ ചട്ടങ്ങൾ മറികടന്ന് നിയമലംഘനം നടത്താൻ സർക്കാർ തന്നെ സർവ്വകലാശാലകളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ മാർക്ക് കുംഭകോണത്തിലെ വിവരങ്ങൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്നും മുഖ്യമന്ത്രി ഇതിന്മേൽ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഫെയ്സ് ബുക്കില്‍ അദ്ദേഹം മന്ത്രിയോട് 7 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
മന്ത്രി കെടി ജലീലിനോട് ഏഴ് ചോദ്യങ്ങള്‍
—————-1. ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കേരള സാങ്കേതിക സര്‍വ്വകലാശാലയിലും, എം ജി സര്‍വ്വകലാശാലയിലും അദാലത്തില്‍ പങ്കെടുത്തത്?
2. അദാലത്തുകളില്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ദാനം തിരുമാനിച്ചത്?
3. എം ജി സര്‍വ്വകലാശാലയില്‍ അദാലത്തില്‍ തിരുമാനിച്ച മാര്‍ക്ക് ദാനത്തിനുള്ള തീരുമാനം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ട വി സി, അദ്ദേഹം തന്നെ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് അഞ്ച് മാര്‍ക്ക് വീതം ദാനം നൽകാന് തിരുമാനിക്കുന്നതെങ്ങിനെ?
4. ഏഴ് ദിവസത്തെ നോട്ടീസില്‍ പ്രത്യേക അക്കാദമിക് കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കാന്‍ വി സിക്ക് അധികാരം ഉണ്ടെന്നിരിക്കെ അത് ചെയ്യാതെ അജണ്ടക്ക് പുറത്തുള്ള വിഷയമായി സിണ്ടിക്കേറ്റില്‍ ഈ മാര്‍ക്ക് ദാനം പരിഗണിച്ചതെന്തിന്?
5. അക്കാദമിക് കൗണ്‍സിലിന് മാര്‍ക്ക് ദാനം ചെയ്യാന്‍ അവകാശമുണ്ടോ?
6. റിസള്‍ട്ട് പ്രഖ്യാപിച്ച ശേഷം, പാസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ വര്‍ഷം ഏതെന്ന് പോലും പറയാതെ 5 മാര്‍ക്ക് വീതം ദാനം ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തിരുമാനിച്ചത് ഏത് നിയമ പ്രകാരം?
7. നഴ്സിംഗ് മാര്‍ക്ക് ദാനത്തില്‍ പരീക്ഷ കമ്മിറ്റിയുടെ ശുപാര്‍ശ നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ സിണ്ടിക്കേറ്റിന്റെ/ അക്കാദമിക് കൗണ്‍സിലിന്റെ അധികാരം ഉപയോഗിച്ചത് ചട്ടപ്രകാരമാണോ?
ഇതിനെല്ലാം മന്ത്രി മറുപടി പറയണം.