സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സംരക്ഷിക്കുന്നു ; അന്വേഷണം വഴിതിരിച്ചുവിടാന്‍ സർക്കാർ ശ്രമം: രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Monday, October 19, 2020

 

കോഴിക്കോട് : സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും എം.ശിവശങ്കറും പരസ്പരം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണെന്ന് ഇതില്‍ നിന്നും വ്യക്തമായെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ശിവശങ്കറിനെ മുഖ്യമന്ത്രി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. അന്വേഷണത്തെ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമം. കേസിൽ പ്രതികളെ സഹായിക്കാൻ എല്ലാ നീക്കങ്ങളും നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ശിവശങ്കറിനെതിരെ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. കേസില്‍ അന്വേഷണം നീളാൻ പോകുന്നത് മുഖ്യമന്ത്രിയിലേക്കാണ്.  സിബിഐ അന്വേഷണം തങ്ങള്‍ക്കെതിരെ നീങ്ങുന്നു എന്ന് വ്യക്തമായതു കൊണ്ടാണ് സർക്കാർ സിബിഐക്കെതിരെ കോടതിയിൽ പോയതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതി വിവാദത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ശിവശങ്കറിനാണ്. എത്ര തടസപ്പെടുത്താൻ ശ്രമിച്ചാലും വസ്തുതകൾ പുറത്തുവരും.  ആരൊക്കെയാണ് കേസിൽ ബന്ധപ്പെട്ടത് എന്ന് കണ്ടെത്താതിരിക്കാനാണ് സിബിഐക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിന് യുഡിഎഫ് വഞ്ചനാ ദിനമായി ആചാരിക്കും. 20, 000 വാർഡുകളിൽ സത്യഗ്രഹ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.