കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അമർഷം; സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് തരംതാഴരുത്: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, June 21, 2020

പിണറായി വിജയൻ നടത്തിയത് പോലുള്ള മോശം പരാമർശങ്ങൾ മറ്റാരും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പ്രമുഖരേയും അവഹേളിച്ചിട്ടും മുഖ്യമന്ത്രി മാപ്പ് പറഞ്ഞിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്നും കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയെ നേരിടുന്നതില്‍ പ്രതിപക്ഷം ചുമതല നിറവേറ്റിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം യോജിച്ച് പ്രവർത്തിച്ചപ്പോൾ എല്ലാം ഒറ്റയ്ക്ക് ക്രെഡിറ്റ് സ്വന്തമാക്കാൻ സർക്കാർ ശ്രമിക്കുകയായിരുന്നു. രോഗപ്രതിരോധത്തിൽ വീഴ്ച ചൂണ്ടി കാട്ടുകയാണ് പ്രതിപക്ഷം ചെയ്തത്. എത് പ്രവർത്തനത്തിനാണ് പ്രതിപക്ഷം തുരങ്കം വെക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് തുറന്നടിച്ച പ്രതിപക്ഷ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. വളരെയേറെ മോശം പ്രയോഗങ്ങള്‍ പല പ്രമുഖർക്കെതിരെയും മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും ഒരിക്കലും അതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സ്പ്രിന്‍ക്ളര്‍ കേസ് തീര്‍ന്നിട്ടില്ല. അത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ‌കോടികളുടെ അഴിമതി തടഞ്ഞ പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ട്. അത് സ്വാഭാവികമാണെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ അദ്ദേഹം വെല്ലുവിളിച്ചു. കേരളം മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുക്കുന്നു. ടിപി വധക്കേസ് പ്രതിയുടെ സംസ്കാരത്തില്‍ രണ്ടായിരം പേര്‍ പങ്കെടുത്തിട്ടും കേസെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.