രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത് ശനിയാഴ്ച നടക്കും.ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം കോണ്‍ക്ലേവില്‍ ദലിത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും വിശകലനം ചെയ്യും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ ദലിത് വിഭാഗങ്ങള്‍ക്ക് നമ്മുടെ ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങളും പരിഗണനകളും അര്‍ഹമായ നിലയില്‍ ലഭ്യമാകാത്ത സാഹചര്യവും കാരണവും പരിഹാരവും വിശകലനം ചെയ്യുക ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിലെ പട്ടികജാതി കോളനികളിലും ആദിവാസി ഊരുകളിലുമായി രമേശ് ചെന്നിത്തല നടത്തുന്ന ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണ് ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് തലസ്ഥാനത്ത് നടക്കുന്നത്.
ജഗതിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നാളെ രാവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കോണ്‍ക്ളേവിന്റെ ആദ്യസെഷനില്‍ ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടനാ സംരക്ഷണവും സംവരണ അട്ടിമറികളും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഭരണഘടനാശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ ചെറുമകനും ദേശീയ ദളിത് മൂവ്മെന്റിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളുമായ പ്രകാശ് യശ്വന്ത് അംബേദ്കര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ദളിത് സ്ത്രീകളുടെ ശാക്തീകരണം – സമൂഹത്തിലും കുടുംബത്തിലും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്ക ഉദ്ഘാടനം ചെയ്യും. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഭൂ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും ചര്‍ച്ച ചെയ്തുകൊണ്ട് ഉച്ചകഴിഞ്ഞ് നടക്കുന്ന സെഷന്‍ കര്‍ണാടക മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ഗാന്ധി ഗ്രാമം പരിപാടിയുടെ വിലയിരുത്തലും ഭാവി രേഖയും രമേശ് ചെന്നിത്തല കോണ്‍ക്ളേവില്‍ അവതരിപ്പിക്കും