‘മുഖ്യമന്ത്രി തന്നെ കള്ളംപറയുമ്പോള്‍ എന്ത് വ്യാജവാർത്ത കണ്ടെത്താന്‍’ ; ശ്രീറാമിന്‍റെ നിയമനം പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, October 8, 2020

തിരുവനന്തപുരം: വ്യാജവാർത്തകൾ കണ്ടെത്താനുള്ള പി.ആർ.ഡിയുടെ ഫാക്ട് ചെക് വിഭാഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ചുമതല നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന ജോലിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ നിരന്തരം കള്ളംപറയുമ്പോള്‍ എന്ത് വ്യാജവാർത്ത കണ്ടെത്താനാണെന്നും അദ്ദേഹം പരിഹസിച്ചു.

https://www.facebook.com/JaihindNewsChannel/videos/375169913518436

അതേസമയം സർക്കാരിനെതിരായ വാർ‌ത്തകൾ വ്യാജമെന്ന് മുദ്ര കുത്തുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഫാക്ട് ചെക് വിഭാഗത്തിന്‍റെ നടപടികൾ വിവാദമായിരിക്കെയാണ് ശ്രീറാമിനു പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ആരോഗ്യസംബന്ധമായ വ്യാജവാർത്തകൾ കണ്ടെത്തുന്ന സമിതിയിൽ അംഗമായാണ് പ്രവർത്തിക്കുക.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാം സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയിന്‍റ് സെക്രട്ടറി പദവിയിലേക്കായിരുന്നു നിയമനം. കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്‍റെ ചുമതലയും ശ്രീറാമിന് സർക്കാർ നൽകിയിരുന്നു.

കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ മാധ്യമ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്നാണ് ശ്രീറാമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ തയാറായത്. കേസുമായി ബന്ധപ്പെട്ട് മൂന്നുതവണ കോടതി നോട്ടീസ് നൽകിയിട്ടും ശ്രീറാം ഹാജരായിട്ടില്ല.