പൊലീസിനെ കയറൂരി വിട്ടതിന്റെ ഫലമാണ് പാലക്കാട് ലക്കിടിയില്‍ ആദിവാസി വിഭാഗക്കാരനായ ഒരു പൊലീസുദ്യോഗസ്ഥന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിന്റെ കീഴില്‍ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില്‍ എ.ആര്.ക്യാമ്പിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട മറ്റൊരു പൊലീസുകാരന് മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിച്ചു പോകേണ്ടി വന്നത് ഈ അടുത്ത കാലത്താണ്. എറണാകുളത്തും സമാനമായ സംഭവമുണ്ടായി. ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന പൊലീസുകാരെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയും ഇക്കാരണത്താല്‍ അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നതും ജോലി ഉപേക്ഷിച്ചു പോകേണ്ടി വരുന്നതും കേരളത്തില്‍ ഇതാദ്യമാണ്. സാംസ്കാരികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന് തന്നെ ഇത് അപമാനമാണ്.
പിണറായി സര്‍ക്കാരിന് കീഴില്‍ പൊലീസില്‍ നിന്ന് സഹപ്രവര്‍ത്തകരായ പൊലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. പാലക്കാട് കല്ലേക്കാട് എ.ആര്‍ക്യാമ്പിലെ പൊലീസുകാരനായ കുമാര്‍ മേലുദ്യോഗസ്ഥരുടെ പീഢനം സഹിക്കാന്‍ കഴിയാതെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. ഇതിന് ഉത്തരവാദികളായ പൊലീസ് മേധാവികള്‍ക്കെതിരെ കര്‍ശമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.