കഞ്ചിക്കോട് മദ്യദുരന്തം : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം; കുടുംബങ്ങള്‍ക്ക് 10 ലക്ഷംരൂപ വീതം അടിയന്തര സഹായം ലഭ്യമാക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : പാലക്കാട് കഞ്ചിക്കോട്, ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് 5 ആദിവാസികള്‍ മരിക്കാനിടയായ സംഭവത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബന്ധുക്കളായ അയല്‍വാസികള്‍ ഒരുമിച്ചു കഴിച്ച മദ്യമാണ് ദുരന്തത്തിന് കാരണമായി പറയുന്നത്. ഇത് വ്യാജമദ്യമാണോ ലഹരിക്കായി ഉപയോഗിക്കുന്ന മറ്റേതെങ്കിലും വസ്തുക്കളാണോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിന്റെ രാസപരിശോധനാ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസും എക്‌സൈസും പറയുന്നത്. ഇതിനിടയില്‍ കഞ്ചിക്കോട്ടെ വ്യവസായ ശാലകള്‍ക്കായി കൊണ്ടുവന്ന സ്പിരിറ്റ് കഴിച്ചാണ് ഇവര്‍ മരിച്ചതെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തതവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. സാധാരണ ഇത്തരം മദ്യദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക പതിവാണ്. എന്നാല്‍, ആദിവാസികള്‍ മരിച്ച സംഭവത്തില്‍ അതുണ്ടാകാത്തത് ഖേദകരമാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതമെങ്കിലും അടിയന്തര സഹായം ലഭ്യമാക്കണമെന്നും പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Comments (0)
Add Comment