മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ മരണം സര്‍ക്കാര്‍ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല.
തീ പിടുത്തമുണ്ടായ പുതിയ ബ്ലോക്കില്‍ അതിന് കാരണമായ ബാറ്ററികള്‍ വാങ്ങുന്നതില്‍ മുതല്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്വവും അഴിമതിയുമുണ്ട്. പുതിയ ബ്ലോക്കിന്റെ വയറിങ്ങിലും നിലവാരം കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനമോ ടെക്നീഷ്യന്‍മാരോ ഇല്ലാതിരുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. രോഗികളെ പുറത്തെത്തിക്കേണ്ട വഴികളില്‍ വേസ്റ്റ് കൂടിക്കിടന്നിരുന്നതും, ഗോവണിപ്പടികളില്‍ പഴയ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരുന്നതും ചുറ്റു മതിലിന് എമര്‍ജന്‍സി ഗേറ്റില്ലാത്തതു മൂലം മതില്‍ പൊളിച്ച് ആംബുലന്‍സ് കൊണ്ടുവരേണ്ടി വന്നതുമെല്ലാം ജനങ്ങളുടെ ജീവന് ഈ സര്‍ക്കാര്‍ കല്പിക്കുന്ന പുല്ലു വിലയുടെ തെളിവാണ്.
ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പോലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്ത ഈ സര്‍ക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ബാധ്യതയായി മാറിയെന്നും ദുരന്തത്തില്‍ മരിച്ച അഞ്ചു പേരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.