തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുന:സ്ഥാപിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, October 22, 2020

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഡയറക്ടറുടെ ഉത്തരവ് അടിയന്തിരമായി പിൻവലിച്ച് ഓഡിറ്റ് പുന:സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. 2020 ജൂണ്‍ ഒന്നിന് തന്നെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടന്നും, ഓഡിറ്റ് നിർത്തിവെയ്ക്കാൻ ഉത്തര വിറക്കിയ ഡയറക്ടറുടേത് ഗുരുതര കൃത്യവിലോപമാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെയ്ക്കാൻ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല എന്ന തൊടു ന്യായം പറഞ്ഞത് ഏതർഥത്തിലാണെെന്നും ഓഡിറ്റ് നിർത്തി വെയ്ക്കാനുള്ള കാരണം എന്തെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഓഡിറ്റിനോട് എന്തിനാണ് ധനകാര്യ മന്ത്രിക്ക് എതിർപ്പെന്നും ഓഡിറ്റ് മാറ്റിവെയ്ക്കുന്നത് അഴിമതിക്ക് കുട പിടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി

2019-20 ഓഡിറ്റ് റിപ്പോർട്ടിനെ ഭയപ്പെടുന്നതു കൊണ്ടാണ് അത് പുറത്തു വിടാത്തത്. ഓഡിറ്റ് വേണ്ട എന്ന തീരുമാനം കൊവിഡ് കാല അഴിമതികളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിനെതിരായ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജൻ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവം പുറത്തറിയിച്ച നഴ്സിങ്ങ് ഓഫീസറെ സസ്പെൻറ് ചെയ്തത് തെറ്റായ നടപടിയാണെന്നും യു.പിയും കേരളവും തമ്മിൽ എന്ത് വ്യത്യാസമാണെന്നും അദ്ദേഹം ചോദിച്ചു. കാര്യങ്ങൾ പുറത്ത് പറഞ്ഞ ഡോ.നജ്മയ്ക്കെതിരായ സൈബർ ആക്രമത്തെയും അദ്ദേഹം അപലപിച്ചു.