ഇ പി ജയരാജന്‍ ബിജെപിക്ക് വേണ്ടി സംസാരിക്കുന്നു; സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ബാന്ധവമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, March 15, 2024

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ ബിജെപിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് കെപിസിസി പ്രചാരണസമിതി ചെയർമാന്‍ രമേശ് ചെന്നിത്തല. ജയരാജന്‍ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തി ഇപി ജയരാജന്‍ രംഗത്ത് വന്നത് രാജീവ് ചന്ദ്രശേഖരുമായുള്ള ബിസിനസ്സ് ബന്ധത്തിന്‍റെ ഭാഗം. സിപിഎം ബിജെപി അന്തര്‍ധാര ഇപിയുടെ വാക്കുകളിലൂടെ പുറത്തുവന്നുവെന്നും രമേശ് ചെന്നിത്തല  മാധ്യമങ്ങളോട് പറഞ്ഞു.

5 സ്ഥാനാർത്ഥികൾ മികച്ചതെന്ന് ബിജെപിക്കാർ പോലും പറഞ്ഞിട്ടില്ല, എന്നാല്‍ ഇപി പറഞ്ഞു. കെ സുരേന്ദ്രൻ പോലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരനെ ജയിപ്പിക്കാന്‍ ഇ പി ജയരാജന്‍ വോട്ട് പിടിക്കുന്നു. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയുന്ന എല്ലാവർക്കും അറിയാം . സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം ഉണ്ട്. ഇപി ജയരാജന്‍റെ വാക്കിലൂടെ പുറത്ത് വരുന്നത് സിപിഎം ബിജെപി അന്തർധാരയാണ്. സ്ഥാനാർത്ഥി ലിസ്റ്റ് വന്നതോടെ സിപിഎമ്മിന് അങ്കലാപ്പാണെന്നും അദ്ദേഹം പറഞ്ഞു.