Ramesh Chennithala| കോണ്‍ഗ്രസിന് എപ്പോഴും സ്ത്രീപക്ഷ നിലപാട്; മാങ്കൂട്ടത്തിനെതിരേ എടുത്തത് ഒന്നിച്ചുള്ള നിലപാട് : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 25, 2025

തിരുവനന്തപുരം: കോണ്‍ഗ്രസ് എല്ലാകാലവും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് എന്നും ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപക്ഷ നിലപാട് പാര്‍ട്ടിയുടെ അജണ്ടയാണ്. ആരോപണ വിധേയനായ രാഹുല്‍ മാങ്കുട്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ നേതൃത്വം ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ സിപിഎം എല്ലാക്കാലത്തും സ്ത്രീപീഡകര്‍ക്കു കൂടാരം ഒരുക്കുന്ന പാര്‍ട്ടിയാണ്. നിയമ സഭയിലും ഭരണരംഗത്തും ഒക്കെ സ്ത്രീപീഡകര്‍ നിരവധിയാണ്. അവരെ ഏതു വിധത്തിലും സംരക്ഷിക്കുന്ന നിലപാടാണ് എന്നും സിപിഎം എടുത്തിട്ടുള്ളത്. പീഡനത്തിന്റെ തീവ്രത വരെ അളന്ന് ആരോപണവിധേയരെ കുറ്റവിമുക്തരാക്കിയ പരിഹാസ്യമായ പാരമ്പര്യമാണ് സിപിഎമ്മിനെന്നും അദ്ദേഹം പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസില്‍ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കുകയാണ് പാര്‍ട്ടി ചെയ്തത്. അല്ലാതെ തീവ്രത അളക്കാന്‍ കമ്മിഷനെ വെയ്ക്കുകയല്ല. അദ്ദേഹത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യണ്ടി വന്നത്. ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസിന് എടുക്കാന്‍ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമാണിത്.

അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ ഉമാ തോമസ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ നടക്കുന്ന സൈബറാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ സി.പി.എം ശൈലിയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.