മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: രണ്ടാം തവണ മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയനെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു.

പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പന്നീട് പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം വളരെ അപകടകരമായ നിലയില്‍ തുടരുന്നതിനിടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ കഴിയാത്തതിനാലാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എത്താതിരിക്കുന്നത്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനായി ചടങ്ങില്‍ പങ്കു കൊള്ളും.

സഹകരിക്കേണ്ട എല്ലാ കാര്യങ്ങളിലും മുന്‍പും സര്‍ക്കാരിനോട് പ്രതിപക്ഷം സഹകരിച്ചിട്ടുണ്ട്.  ചില കാര്യങ്ങളില്‍ മുന്‍കൈ എടുത്തിട്ടുമുണ്ട്. അതേ സമയം  സര്‍ക്കാരിന്റെ തെറ്റുകള്‍ കണ്ടെത്തുകയും അവ തിരുത്തിക്കുകയും ചെയ്തിട്ടുമുണ്ട്.

ജനജീവിതത്തില്‍ മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധിയും ദുരിതവുമാണ് കോവിഡ് സൃഷ്ടിച്ചിട്ടുള്ളത്. അതിന് പുറമെ സാമ്പത്തിക രംഗത്തും മറ്റു മേഖലകളിലും കേരളം വലിയ വെല്ലുവിളി നേരിടുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് അവയെ നേരിടാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്ന് രമേശ് ചെന്നിത്തല ആശംസിച്ചു. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്ന മറ്റു മന്ത്രിമാര്‍ക്കും രമേശ് ചെന്നിത്തല ആശംസകള്‍ നേര്‍ന്നു.

Comments (0)
Add Comment