സ്വപ്നയ്ക്ക് എതിരായ വധഭീഷണിയ്ക്ക് പിറകിൽ സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, December 9, 2020

സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്ക് എതിരായ വധഭീഷണിയ്ക്ക് പിറകിൽ സംസ്ഥാന സർക്കാർ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്നും അട്ടക്കുളങ്ങര ജയിലിലുണ്ടായ ഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ സംവിധാനം ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സ്വർണകള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നു. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ രഹസ്യമൊഴി അതീവ ഗൗരവകരം. അട്ടക്കുളങ്ങര ജയിലിലുണ്ടായ ഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട് എന്നതാണ് ഹാജരാകാതെ ഒഴിഞ്ഞു മാറുന്നതിലൂടെ വ്യക്തമാവുന്നത്. രവീന്ദ്രനെ ഡൽഹി ഐയിംസിലെ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

നല്ല ആത്മവിശ്വാസമാണ് യു ഡി എഫിനുള്ള തെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും മുസ്ലിം ലിഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പിടിച്ചതിനേക്കാൾ വലുത് മാളത്തിലുണ്ട് എന്നാണ് സ്വർണ്ണകടത്തു കേസിലെ ചർച്ച. സർക്കാർ സംവിധാനം ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.